theft
theft

 പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

കൊല്ലം: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ബാലികയുടെ മാല ബൈക്കിലെത്തിയ യുവാവ് പിടിച്ചുപറിച്ചു. പള്ളിത്തോട്ടം കൊടിമരം ജംഗ്ഷന് സമീപം താമസിക്കുന്ന ഡയാന വിക്ടറിന്റെ മകളുടെ മാലയാണ് കവർന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പള്ളിത്തോട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയയാൾ ബാലികയുടെ മാല പറിച്ച് രക്ഷപ്പെടുകയായിരുന്നു. ഒരുപവനോളം തൂക്കമുള്ള മാലയാണ് നഷ്ടമായത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബൈക്കിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

പള്ളിത്തോട്ടം മേഖലയിൽ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കുന്ന യുവാവാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ സംഭവത്തിന് തൊട്ടുമുമ്പ് പരിസരത്തെ മറ്റു ചില വീടുകളിലെത്തി വിറ്റ സാധനങ്ങളുടെ വില തവണ വ്യവസ്ഥയിൽ വാങ്ങിയിരുന്നു.