കരുനാഗപ്പള്ളി: ജൂലായ് 11 ന് പുലർച്ചെ കരുനാഗപ്പള്ളിയിലുണ്ടായ അഗ്നിബാധയെ നിയന്ത്രണ വിധേയമാക്കിയ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കരുനാഗപ്പള്ളി കെ.സി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. പൂർണമായും അഗ്നിക്കിരയായ കോട്ടക്കുഴി സൂപ്പർ മാർക്കറ്റിന്റെ ഉടമ കോട്ടക്കുഴി അബ്ദുൽ സലീമും ജീവനക്കാരുമാണ് ഇന്നലെ വൈകിട്ട് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, അജിതകുമാർ മുനമ്പത്ത് അബ്ദുൽഗഫൂർ, സി. വിജയൻപിള്ള, നഗരസഭാ മുൻ ചെയർമാൻ എം. അൻസാർ, തൊടിയൂർ താഹ, എ. വിജയൻ, വി. വിജയകുമാർ, അനിൽ മുഹമ്മദ്, ഷാനവാസ്, സുരേഷ് വെട്ടുകാട്, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, പുളിമൂട്ടിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു. ഫയർഫോഴ്സ്, പൊലീസ്, ഇലക്ട്രിസിറ്റി, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് ചടങ്ങിൽ ആദരിച്ചത്. ആദ്യ ആദരവായി ഫയർഫോഴ്സ് ജില്ലാ ഓഫീസർ എ. ഹരികുമാറിന് ആർ. രാമചന്ദ്രൻ എം.എൽ.എ മൊമന്റോ നൽകി. അഗ്നിബാധയ്ക്ക് ഇരയായ സൂപ്പർമാർക്കറ്റ് പുനർനിർമ്മിച്ച് 25 ന് വൈകിട്ട് 4 മണിക്ക് വീണ്ടും പ്രവർത്തനം ആരംഭിക്കും. കരുനാഗപ്പള്ളി ഫയർസ്റ്റേഷന് സ്വന്തമായി ലഭിച്ച സ്ഥലത്ത് കോട്ടക്കുഴി സൂപ്പർമാർക്കറ്റ് ഉടമ നിർമ്മിച്ച് നൽകുന്ന കുഴൽ കിണറിന്റെ ഒൗദ്യോഗിക രേഖ ചടങ്ങിൽ വെച്ച് എം.എൽ.എയ്ക്ക് കൈമാറി.