കൊല്ലം: പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനും അത് വരുംതലമുറയ്ക്ക് കൈമാറാനുമുള്ള പ്രയത്നത്തിൽ പുതുതലമുറ മുന്നിൽ തന്നെയുണ്ടാകണമെന്ന് മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. നേച്ചർ പ്ലസ് കേരളയുടെ സംസ്ഥാനതല പരിപാടികളുടെയും പുൽവാമ സ്മൃതി വനത്തിന്റെയും ഉദ്ഘാടനം കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ജില്ലാ സോഷ്യൽ ഫോറസ്റ്ററിയുടെയും സഹകരണത്തോടെയാണ് പരിപാടി. പുൽവാമയിൽ രക്തസാക്ഷികളായ നാൽപത് ജവാന്മാരുടെ ഓർമ്മയ്ക്കായി രാജ്യത്തെ ആദ്യത്തെ സ്മൃതിവനമാണ് കൊട്ടിയത്ത് നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി 29,30,തീയതികളിൽ അടൂർ ശിലാ മ്യൂസിയം ഒരുക്കുന്ന രാജ്യത്തിലെത്തന്നെ ഏറ്റവും വലിയ പുരാവസ്തു പ്രദർശനവും ഉണ്ടായിരിക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ.വൈ. ജോയി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എൽ. സുഗതൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് എസ്. ഹീരലാൽ, കോളേജ് മാനേജർ ഫാ. കെ.ഡി. വിൽസൺ, വൈസ് പ്രിൻസിപ്പൽ ഫാ. ഷാജൻ നെറോണ, ജമാലുദീൻ കുഞ്ഞ്, ജില്ലാ വിമുക്തി കോ ഓർഡിനേറ്റർ ഷെഹറുദീൻ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീകല, എൻ.എസ്. എസ് കോ ഓർഡിനേറ്റർ ഡാനി തോമസ്, എസ്, ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. പി.ആർ. ബിജു, ജോസ് മത്തായി, കുഞ്ഞുമോൻ, രേണു എസ്. കുമാർ, അനില, ദുലാരി, ഗിരീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.