navas
യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പടിഞ്ഞാറേ കല്ലട കൃഷി ഓഫീസ് ഉപരോധിക്കുന്നു

ശാസ്താംകോട്ട: യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പടിഞ്ഞാറേ കല്ലട കൃഷി ഓഫീസ് ഉപരോധിച്ചു. പടിഞ്ഞാറേ കല്ലടയിൽ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ഡേറ്റാ ബാങ്കിൽപ്പെടാത്ത ഭൂഉടമകൾക്ക് അനുമതി ലഭിക്കുന്നതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്. ഒമ്പത് മാസത്തിലധികമായി പടിഞ്ഞാറേ കല്ലടയിൽ കൃഷി ഓഫീസറില്ലാത്തതിനാൽ ആയിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന ഉന്നതാധികാരികളുടെ ഉറപ്പിലാണ് ധർണ അവസാനിപ്പിച്ചത്. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്ത വളം ഗുണനിലവാരമില്ലാത്തവയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ധർണ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാരാളി വൈ.എ സമദ്, വരമ്പേൽ ശിവൻകുട്ടി, ജോസ്, ഷീജ, യു.ഡി.എഫ് നേതാക്കളായ മാധവൻ പിള്ള, ഉഷാലയം ശിവരാജൻ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.