bus
അപകടത്തിൽപ്പെട്ട ബസുകൾ

കൊട്ടാരക്കര: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര കോട്ടപ്പുറത്ത് മൂന്ന് ബസുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ന് കോട്ടപ്പുറം നിസ ഒാഡിറ്റോറിയത്തിന് സമീപമാണ് സംഭവം. പുനലൂരിൽ നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് കോട്ടപ്പുറത്ത് റോഡിൽ നിറുത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ ഇടിക്കുകയും ടൂറിസ്റ്റ് ബസ് നിരങ്ങി തൊട്ടു മുന്നിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ഇടിക്കുകയുമായിരുന്നു. ആദ്യം ഇടിച്ച കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന യാത്രക്കാരായ മായ (35, പൂവറ്റൂർ), ഇസഹാക്ക് (18, കുഴിമതിക്കാട്), ഷരീഫാബീവി (80, ചേത്തടി), സജി മോഹൻ (48, കുന്നിക്കോട്), അന്നമ്മ (68, കൊട്ടറ), ശ്രീലക്ഷ്മി (45), ശരണ്യ (19), റോസ്‌മേരി (34), ഹരിലക്ഷ്മി, രജനി (39), ശ്രീലേഖ (45, വിളക്കുടി), മാത്യു (49), ശശികല (44, ചാത്തന്നൂർ), ബോസ് (50, ചാത്തന്നൂർ), സുമതിഅമ്മ (70, കുന്നിക്കോട്), അമ്മു സുരേഷ് (18, കോട്ടാത്തല), ഷെറിൻ(39), ലളിതകുമാരി (42, കുളക്കട), അഞ്ജലി (18, കുളക്കട), റഹിയാനത്ത് (35, കുണ്ടറ), ലക്ഷ്മി(18), മറിയാമ്മ (69), പൗർണമി (35, കിഴക്കേത്തെരുവ്, രമണി (54, കുളക്കട), മഹേഷ് (27, പൂയപ്പള്ളി), അപർണ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ കൊട്ടാരക്കര പ്രദേശത്തായി ആറ് ബസപകടങ്ങൾ നടന്നിരുന്നു.