കൊട്ടാരക്കര: രോഗിയുമായി ജില്ലാ ആശുപത്രിയിലേക്കു പോയ ആംബുലൻസ് ബസിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. രോഗിയുടെ സഹോദരൻ സോമൻ പിള്ള (60), ആംബുലൻസ് ഡ്രൈവർ ഉണ്ണി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കൊല്ലം- തിരുമംഗലം ദേശീയപാതയിലെ കൊട്ടാരക്കര നെടുവത്തൂർ പ്ളാമൂട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ഹൃദ്രോഗിയായ ആനക്കോട്ടൂർ ആനയം മിനി വിലാസത്തിൽ സുഭദ്രയെ (68) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കവേയാണ് അപകടം. എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റവെ ബസിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. നാട്ടുകാർ ശ്രമകരമായാണ് ആംബുലൻസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സോമൻപിള്ളയുടെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെയും ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെയുള്ളവരെയും മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കൈകാലുകൾക്ക് പരിക്കേറ്റ ഡ്രൈവർ ഉണ്ണിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവസേനയുടെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ് .