ചാത്തന്നൂർ: ബഹിരാകാശ വിസ്മയങ്ങൾ അടുത്തറിഞ്ഞ് കോയിപ്പാട് ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികൾ ചന്ദ്രദിനം ആഘോഷിച്ചു. പ്രീ സ്കൂളിലെ കൊച്ചു കൂട്ടുകാർ സൂര്യനായും ചന്ദ്രനായും ഗ്രഹങ്ങളായും ഒരുങ്ങിയെത്തി. പ്രകൃതിയുടെയും ആകാശഗോളങ്ങളുടേയും നഗ്നസത്യങ്ങൾ ധൈര്യത്തോടെ സമൂഹത്തിന് മുന്നിൽ വിളിച്ചുപറഞ്ഞ ഗലീലിയോ ഗലീലിയെ അനുസ്മരിച്ച നൃത്തശില്പവുമായി നാലാം ക്ലാസുകാരെത്തിയപ്പോൾ ഒന്ന്, രണ്ട്, മൂന്ന് ക്ലാസിലെ കൂട്ടുകാർ ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയുമായെത്തി.
പരിപാടിയുടെ ഭാഗമായി പ്രസംഗം, ചന്ദ്രനെ കുറിച്ച് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാനുഭവം, ശേഖരിച്ച അമ്പിളിക്കവിതകൾ എന്നിവയുടെ അവതരണവും കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ, പേടകങ്ങൾ, ചുവർ പത്രികകൾ എന്നിവയുടെ പ്രദർശനവും നടന്നു. വേദിയിലെത്തിയ ബഹിരാകാശ യാത്രികരുമായി കുട്ടികൾ നടത്തിയ അഭിമുഖം രസകരവും വിജ്ഞാനപ്രദവുമായിരുന്നു. 2.43ന് ചാന്ദ്രയാൻ 2ന്റെ വിക്ഷേപണം വിദ്യാലയത്തിലെ മുഴുവൻ അംഗങ്ങളും തത്സമയം വീക്ഷിക്കാനും കുട്ടികൾക്ക് അവസരമുണ്ടായി.
പരിപാടികൾക്ക് പ്രഥമാദ്ധ്യാപിക ഏലിയാമ്മ വർഗീസ്, അദ്ധ്യാപകരായ പ്രേമലത, സൈജ, നിധി, ലേജു, കാർത്തിക എന്നിവർ നേതൃത്വം നൽകി. ചാത്തന്നൂർ ബി.പി.ഒ ഷേക്ക് റോബർട്ട് ലോപ്പസ്, പ്രേം ജയ എന്നിവർ പങ്കെടുത്തു.