home
തെക്കേ മൈലക്കാട് മൂഴിയിൽ വീട്ടിൽ നൗഷാദിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ നിലയിൽ

കൊട്ടിയം: കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തെക്കേ മൈലക്കാട് മൂഴിയിൽ വീട്ടിൽ നൗഷാദിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

അപകടസമയത്ത് നൗഷാദും കുടുംബവും വീടിനുള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ആളപായമുണ്ടായില്ല.

കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അടുത്തുള്ള ഉയർന്ന പുരയിടത്തിലെ കൂറ്റൻ കല്ലുകളും മണ്ണും കനത്ത മഴയിൽ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ ഭിത്തിക്ക് കേടുപാട് സംഭവിച്ചു.

കഴിഞ്ഞ കാലവർഷത്തിലും ഈ പുരയിടത്തിൽ നിന്ന് മണ്ണിടിച്ചിലുണ്ടായി സമീപത്തെ വീടുകൾക്ക് നാശം സംഭവിച്ചിരുന്നു. മണ്ണിടിച്ചിൽ തടയാൻ പുരയിടത്തിന് സംരക്ഷണഭിത്തി കെട്ടണമെന്ന് പുരയിടത്തിന്റെ ഉടമയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് പരിസരവാസികൾ പറയുന്നു.