കൊല്ലം: പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ കബിളിപ്പിച്ച് പണവും മൊബൈൽ ഫോണും തട്ടുന്നയാൾ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി ഷെക്കീർ (39)നെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കമ്പിളി പുതപ്പുകളും വസ്ത്രങ്ങളും വിൽക്കാനെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയാകുന്നത്. കാക്കി പാന്റ്സും ഷൂസും ധരിച്ചാണ് ഇയാൾ എത്തുന്നത്. വിൽപ്പനയ്ക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളോട് പൊലീസാണെന്ന് പരിചയപ്പെടുത്തി മർദ്ദിച്ചശേഷം കൈവശമുള്ള പണവും വിലകൂടിയ മൊബൈൽ ഫോണുകളും തട്ടിയെടുക്കും. തിരികെ വാങ്ങാൻ സ്റ്റേഷനിലെത്തണമെന്നും പറയും. എന്നാൽ പണവും മൊബൈലും തിരികെ വാങ്ങാൻ തൊഴിലാളികൾ സ്റ്റേഷനിലെത്താതിരുന്നതിനാലാണ് ഇതുവരെ തട്ടിപ്പ് പുറത്തുവരാതിരുന്നത്. മർദ്ദിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതിനാൽ തൊഴിലാളികളാരും വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തിങ്കളാഴ്ച വൈകിട്ട് ചിന്നക്കടയിൽ വച്ച് തട്ടിപ്പിനിരയായ ഒരാൾ പരാതിപ്പെട്ടതോടെയാണ് ഷെക്കീർ പിടിയിലായത്. ചിന്നക്കട മാർക്കറ്റിന് സമീപത്ത് വച്ച് വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന ഏഴായിരം രൂപയുടെ മൊബൈൽ ഫോണും പണവും തട്ടിയെടുത്തു. തട്ടിപ്പിനിരയായ തൊഴിലാളി ഈസ്റ്റ് പൊലീസിനോട് പരാതിപ്പെട്ടു. വൈകിട്ട് 6ന് ചിന്നക്കടയിൽ വച്ച് പൊലീസ് ഇയാളെ പിടികൂടി. വടക്കാഞ്ചേരിയിൽ നിന്ന് തീവണ്ടിമാർഗം കൊല്ലത്തെത്തിയാണ് തട്ടിപ്പ് നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.