പത്തനാപുരം: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വിദ്യാർത്ഥിയെ കുറിച്ച് ഒരാഴ്ചയായിട്ടും യാതൊരു വിവരവും ഇല്ല. മകന്റെ തിരോധാനത്തിൽ തീതിന്ന് കഴിയുകയാണ് മാതാപിതാക്കൾ. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.
തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ മൂന്നാം വർഷ മെക്കട്രോണിക്സ് വിദ്യാർത്ഥിയും റേഷൻ വ്യാപാരിയായ പത്തനാപുരം കടയ്ക്കാമൺ പാണുവേലിൽ മണ്ണിൽ വില്ലയിൽ സാബു ജോസഫിന്റെ മകനുമായ സിറിൽ സാബുവിനെയാണ് (22) ഇക്കഴിഞ്ഞ 18ാം തീയതി മുതൽ കാണാതായത്.
ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കോളേജിലെ വിദ്യാർത്ഥിയാണ് സിറിൽ. കോളേജിലെ പരീക്ഷ കഴിഞ്ഞ്
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ഉച്ചയ്ക്ക് ഒരു മണിക്ക് ഏറനാട് എക്സ് പ്രസിൽ കയറിയിരുന്നു. ഈ സമയം മാതാപിതാക്കളുമായി ഫോണിൽ സംസാരിക്കുകയും ആറ് മണിക്ക് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ രണ്ടര മണിക്ക് ശേഷം സിറിലിനെ മൊബൈലിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകിയും എത്താതിരുന്നതോടെ പത്തനാപുരം പൊലീസിൽ പരാതി നൽകി. പത്തനാപുരം പൊലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂർ പൊലീസിന് പരാതി കൈമാറി. ഒരാഴ്ചയായിട്ടും അന്വേഷണത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉൾപ്പെടെ പരാതി നല്കി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കൾ.പരീക്ഷയിൽ മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ സിറിലിനെ ശകാരിച്ചതായി മാതാപിതാക്കൾ
ആരോപിക്കുന്നു.
അന്വേഷണത്തിലെ സൂചനകൾ
1. അവസാനമായി മൊബൈൽ ലൊക്കേറ്റ് ചെയ്തിരിക്കുന്നത് തൃശൂർ സ്റ്റേഷനിൽ
2. സി.സി. ടി.വി കാമറകളിൽ പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചിട്ടില്ല
3. തൃശൂരിന് ഇപ്പുറമുള്ള സ്റ്റേഷനുകളിലെ കാമറകളും പരിശോധിക്കുന്നു
4. മൊബൈൽ ഗയിമിൽ തല്പരനായതിനാൽ
ആ ദിശയിലും അന്വേഷണം.
5. ഗയിമുമായി ബന്ധമുള്ള ഒരു യുവാവിന് ഫോൺ ചെയ്തതായി സൂചന.
6.മാർക്ക് കുറയുമെന്ന ആശങ്ക സിറിലിനെ അലട്ടിയിരുന്നു.