buffalo

കൊല്ലം: പോത്തിനെ തടഞ്ഞുവച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും, നൽകാത്തതിന് ഉടമയെയും ബന്ധുക്കളെയും ഏഴംഗ സംഘം ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി. വടക്കേവിള ജീസസ് വില്ലയിൽ സന്തോഷ് ഇതുസംബന്ധിച്ച് ഇരവിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു.

15ന് വൈകിട്ടാണ് സംഭവം നടന്നത്. പരാതിക്കാരൻ വളർത്തുന്ന പോത്തുകളെ തീറ്റാനായി കടപ്പാൽ വയലിൽ കെട്ടിയിരുന്നു. വൈകിട്ട് ഇവയെ അഴിക്കാൻ ചെന്നപ്പോൾ ഒരു പോത്തിനെ അവിടെയുണ്ടായിരുന്ന ഏഴംഗ സംഘം പിടിച്ചുകെട്ടിയ ശേഷം വിട്ടുകൊടുക്കാൻ 3000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പരാതിക്കാരന്റെ സഹോദരങ്ങളായ സുഭാഷ്, അനീഷ് എന്നിവർ സ്ഥലത്തെത്തി. ഈ സമയം സംഘം കത്തിയും മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു.

പരാതിക്കാരനും സഹോദരങ്ങൾക്കും ആക്രമണത്തിൽ പരിക്കേറ്റു. നിരവധി കേസുകളിലെ പ്രതികളാണ് ഏഴ് പേരുമെന്നും പരാതി നൽകിയിട്ടും ഇതുവരെ ഇവർക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. പ്രതികളെ പിടികൂടാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടു.