jail
ജില്ലാ ജയിലിൽ നിന്നുള്ള ഫ്രീഡം കോമ്പോ പായ്ക്ക് ബിരിയാണിയുടെ ഒാൺ ലൈൻ വില്പനയുടെ ഉദ്ഘാടനം ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി ആന്റ് സിക്ക ഡയറക്ടർ എസ്. സന്തോഷ് വാർഡ് കൗൺസിലർ ബി.ഷൈലജയ്ക്ക് ബിരിയാണിയുടെ പാക്കറ്റ് നൽകി നിർവഹിക്കുന്നു. എ.ആർ.ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് വി.എസ്. ചിത്രസേനൻ, ജില്ലാ ജയിൽ സൂപ്രണ്ട് ജി.ചന്ദ്രബാബു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഷാദ് തുടങ്ങിയവർ സമീപം

കൊല്ലം: ചപ്പാത്തിയും ബിരിയാണിയും അടങ്ങുന്ന കോമ്പോ പായ്‌ക്ക് ജില്ലാ ജയിൽ ചാടിയപ്പോൾ സ്വീകരിക്കാൻ നഗരവാസികളുടെ വൻ തിരക്ക്. ചിക്കൻ ബിരിയാണി,​ ചപ്പാത്തി,​ ചിക്കൻ കറി,​ കാരറ്റ്ഹൽവ അല്ലെങ്കിൽ കിണ്ണത്തപ്പം,​ ഒരു ലിറ്റർ കുടിവെള്ളം എന്നിവ അടങ്ങുന്ന കോമ്പോ പായ്ക്ക് ഇന്നലെ മുതൽ ജയിലിൽ നിന്ന് ഭക്ഷണപ്രിയരിലേക്ക് എത്തിത്തുടങ്ങി. 'സ്വിഗി' എന്ന സ്വകാര്യ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനവുമായി സഹകരിച്ചാണ് ജയിൽവകുപ്പ് കോമ്പോ പായ്‌ക്ക് വിതരണം ചെയ്യുന്നത്. 100 പേർക്ക് നൽകാനുള്ള കിറ്റുകളാണ് ഇന്നലെ തയ്യാറാക്കിയതെങ്കിലും 110 ഓർഡറുകൾ ലഭിച്ചു. 10 പേർക്ക് കൂടി പിന്നീട് പായ്ക്കറ്റുകൾ തയ്യാറാക്കി നൽകി. ജയിലിന് 6 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് വിതരണം. ഇന്നലെ ജില്ലാ ജയിലിന് മുന്നിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി എസ്.സന്തോഷ് നിർവഹിച്ചു. സംസ്ഥാനത്തെ 9 ജയിലുകളിൽ നിന്ന് പാചകം ചെയ്ത ഭക്ഷണം ജയിൽ വകുപ്പ് വിതരണം ചെയ്യുന്നുണ്ടെന്നും അടുത്ത കാലത്ത് വില വർദ്ധന ഉണ്ടാകാത്ത ഏക സാധനം ജയിൽ വകുപ്പിന്റെ ഭക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ ജയിൽ സൂപ്രണ്ട് ജി.ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. തേവള്ളി ഡിവിഷൻ കൗൺസിലർ ബി.ഷൈലജ, കൊല്ലം എ.ആർ.ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് വി.എസ്.ചിത്രസേനൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എം.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. .................................. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ അവസരം. കോമ്പോ പായ്ക്കിന് കൊല്ലത്ത് ആവശ്യക്കാർ ഏറെയുണ്ടെന്ന് ആദ്യ ദിനത്തിൽ തന്നെ മനസ്സിലായി. ഇന്ന് മുതൽ കൂടുതൽ പായ്ക്കറ്റുകൾ തയ്യാറാക്കും. ജി.ചന്ദ്രബാബു ജില്ലാ ജയിൽ സൂപ്രണ്ട്