കേരളകൗമുദി വാർത്ത അടിസ്ഥാനമാക്കി വിശദപഠനം നടത്തും
കൊല്ലം: കൂട്ടിക്കട ജംഗ്ഷനിലെ റെയിൽവേ ഗേറ്റ് സൃഷ്ടിക്കുന്ന ഗതാഗത സ്തംഭനം ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടുന്നു. റെയിൽവേ ഗേറ്റ് അല്പം മാറ്റി സ്ഥാപിച്ചാൽ ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന പ്രദേശവാസികളുടെ ആവശ്യം ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് വിശദ പഠനം നടത്തും.
തട്ടാമലയിൽ നിന്നുള്ള റോഡിന്റെ നേരെ എതിർദിശയിലാണ് മയ്യനാട് നിന്നുള്ള റോഡിന്റെ വരവ്. എന്നാൽ ജംഗ്ഷനിലെത്തി വളഞ്ഞാണ് മയ്യാനാട് റോഡ് ലെവൽ ക്രോസിലേക്ക് വരുന്നത്. ഈ വളവാണ് കൂട്ടിക്കട ജംഗ്ഷനിലെ കുരുക്കിന്റെ പ്രധാന കാരണം.
വളവ് ഒഴിവാക്കി റോഡ് പുനർനിർമ്മിച്ച് ലെവൽ ക്രോസ് മാറ്റിസ്ഥാപിക്കണമെന്ന നിർദ്ദേശമാണ് കേരളകൗമുദി മുന്നോട്ടുവച്ചത്. തട്ടാമലയിൽ നിന്നുള്ള റോഡും ഇവിടേക്ക് നീട്ടണം. ഇതോടെ ഇരുദിശകളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് വേഗത്തിൽ ലെവൽക്രോസ് കടക്കാനാകും.
റെയിൽവേയുടെ അഭിപ്രായം
റെയിൽവേ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നതിൽ കാര്യമായ തടസങ്ങളില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ സാമ്പത്തിക ചെലവ് റെയിൽവേ വഹിക്കില്ലെന്ന് മാത്രം.
ഡിവിഷൻ തലത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. പൊതുജനങ്ങളുടെ ആവശ്യത്തിനൊപ്പം പൊതുമരാമത്ത് വകുപ്പ് വിശദരൂപരേഖ കൂടി സമർപ്പിച്ചാൽ ലെവൽ ക്രോസ് മാറ്റി സ്ഥാപിക്കൽ സുഗമമായി നടക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു.
'' സ്ഥലം സന്ദർശിച്ച് വിശദരൂപരേഖ തയ്യാറാക്കി ചീഫ് എൻജിനിയർക്ക് സമർപ്പിക്കും. ലെവൽ ക്രോസ് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് റെയിൽവേയാണ്. ഇക്കാര്യത്തിൽ ചീഫ് എൻജിനിയറാണ് റെയിൽവേയുമായി ചർച്ച നടത്തേണ്ടത് ''
ഡി. സാജൻ
(പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ)