ഒരു വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാമെന്ന് പ്രതീക്ഷ
കൊല്ലം: മയ്യനാട് റെയിൽവേ മേല്പാലം നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷനും (ആർ.ബി.ഡി.സി), റവന്യു വകുപ്പും സംയുക്തമായി സ്ഥലപരിശോധന നടത്തും. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ആർ.ബി.ഡി.സി സ്ഥാപിച്ച കല്ലുകൾ റവന്യു അധികൃതരെ ബോദ്ധ്യപ്പെടുത്താനാണ് പരിശോധന.
സംയുക്ത പരിശോധനയ്ക്ക് ശേഷം മേല്പാലം നിർമ്മാണം, സ്ഥലമേറ്റെടുപ്പ് എന്നിവ സംബന്ധിച്ച സാമൂഹ്യ പ്രത്യാഘാത പഠനത്തിനായി 'കളക്ടർ ഫോർ വൺ' നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഹിയറിംഗ് നടത്തും. ഇതിന് ശേഷം സ്ഥലമേറ്റെടുത്ത് കൊണ്ടുള്ള അന്തിമ വിജ്ഞാപനം കളക്ടർ പുറപ്പെടുവിക്കും. പിന്നീട് സ്ഥലമേറ്റെടുപ്പ് ചട്ടപ്രകാരമുള്ള വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കും. കാര്യമായ പരാതികൾ ഇല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാനാകും.
പദ്ധതി തുക: 26.25 കോടി
പാലം നിർമ്മാണത്തിന്: 18 കോടി
സ്ഥലമേറ്റെടുപ്പിനും അപ്രോച്ച് റോഡിനും 8.25 കോടി
പാലത്തിന്റെ നീളം: 208 മീറ്റർ
208 മീറ്റർ നീളത്തിലാണ് റെയിൽവെ ഗേറ്റിന് മുകളിലൂടെ മയ്യനാട് ജംഗ്ഷനിൽ മേല്പാലം നിർമ്മിക്കുന്നത്. 10.2 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിൽ 1.5 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയുമുണ്ടാകും.
26.25 കോടിയാണ് പദ്ധതി തുക. 18 കോടി രൂപ പാലം നിർമ്മാണത്തിന് വേണ്ടി വരും. ശേഷിക്കുന്ന തുക അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനും സ്ഥലമേറ്റെടുപ്പിനുമായി വിനിയോഗിക്കും.
നടപടികൾ ഇഴയുന്നതായി ആരോപണം
മേല്പാലം നിർമ്മാണത്തിനുള്ള നടപടികൾ ഇഴയുന്നതായി ആരോപണമുണ്ട്. പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ച് മാസങ്ങൾക്ക് ശേഷമാണ് കല്ലിട്ടത്. റവന്യു - ആർ.ബി.ഡി.സി സംയുക്ത പരിശോധനയും പലതവണ മാറ്റിവച്ചു. മെല്ലെപ്പോക്ക് തുടർന്നാൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാമെന്ന കണക്കുകൂട്ടൽ അസ്ഥാനത്താകും.