fish
നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ മത്സ്യം

 പുഴുവരിച്ച നിലയിൽ മത്സ്യം വിൽപ്പനയ്ക്ക്

കൊല്ലം: നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരത്തിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ നടത്തിയ 'ഓപ്പറേഷൻ സാഗരറാണി 2' പരിശോധനയിൽ 120 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

ചാമക്കട, വലിയകട, കടപ്പാക്കട ചന്തകളിലും ആണ്ടാമുക്കത്തെ സ്വകാര്യ മത്സ്യ മൊത്തവിപണന കേന്ദ്രത്തിലുമായിരുന്നു പരിശോധന. ആണ്ടാമുക്കത്തെ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്ന് കുറഞ്ഞത് നാല് ദിവസമെങ്കിലം പഴക്കമുള്ള 100 കിലോ തൂക്കം വരുന്ന ഒരു ഓലത്തളയും രണ്ട് നെയ്മീനുകളും പിടിച്ചെടുത്തു. കന്യാകുമാരിയിൽ നിന്നെത്തിച്ച ഓലത്തള നെയ്‌മീനെന്ന് പറഞ്ഞാണ് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും വിറ്റിരുന്നത്. ഈ സ്ഥാപനത്തിന് നോട്ടീസ് നൽകിയ ശേഷം പിഴ ചുമത്തും.

കടപ്പാക്കട ചന്തയിൽ നിന്ന് അഞ്ച് ദിവസത്തോളം പഴക്കമുള്ള 20 കിലോ ചാള പിടിച്ചെടുത്തു. ഇവ പുഴുവരിച്ച നിലയിലായിരുന്നു. വലിയകട, ഇരവിപുരം ചന്തകളിൽ നിന്ന് പഴകിയ മത്സ്യം കണ്ടെത്താനായില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നാല് കേന്ദ്രങ്ങളിലും അമോണിയ, ഫോർമാലിൻ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സുജിത്ത് പെരേര, മാനസി, റസീമ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. സുരേഷ്ബാബു, ഷാജ് സുഭാഷ്, അരുൺ സാബു, ഹർഷിദ്, രശ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.