കരുനാഗപ്പള്ളി: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള തുറയിൽക്കടവ് ബോട്ടുജെട്ടി പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. 9 തൂണുകളിൽ തീർത്ത ബോട്ട് ജെട്ടിയുടെ മിക്ക തൂണുകളും നിലം പതിച്ചിരിക്കുകയാണ്. ശേഷിക്കുന്ന തൂണുകൾ ഏതു നിമിഷവും കായലിൽ തകർന്ന് വീഴാമെന്ന അവസ്ഥയിലാണ്. യാത്രക്കാർ ആഹാരം കഴിക്കാനിറങ്ങുന്ന ഇടത്താവളങ്ങളിൽ പ്രധാനപ്പെട്ട സ്ഥലമായിരുന്നു തുറയിൽക്കടവ്. മുമ്പ് കരുനാഗപ്പള്ളിയിലെ പ്രധാന വ്യാപാര കേന്ദ്രം കൂടിയായിരുന്നു തുറയിൽക്കടവ്. കാൽ നൂറ്റാണ്ടിന് മുമ്പ് ബോട്ട് യാത്രയ്ക്ക് വിരാമമായതോടെയാണ് ബോട്ട് ജെട്ടികളുടെ തകർച്ച ആരംഭിച്ചത്. റോഡ് ഗതാഗതം സജീവമായതോടെ ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞു. എന്നാൽ കായൽത്തീരങ്ങളിൽ ഇന്നും തകർന്ന് കിടക്കുന്ന നിരവധി ബോട്ട് ജെട്ടികൾ കാണാൻ കഴിയും. തുറയിൽക്കടവിൽ അപകട ഭീഷണി ഉയർത്തുന്ന പഴയ ബോട്ട് ജെട്ടി പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രദേശവാസികൾ.
12 പോയിന്റുകളിൽ 1
കൊല്ലം - ആലപ്പുഴ ബോട്ട് ഗതാഗതം സജീവമായിരുന്ന കാലത്താണ് തുറയിൽക്കടവിൽ ബോട്ട് ജെട്ടി നർമ്മിച്ചത്. കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയിൽ സർക്കാർ ബോട്ടുകൾ നിറുത്തിയിരുന്ന 12 പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് തുറയിൽക്കടവ് ബോട്ട് ജെട്ടി. കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന ബോട്ടുകളും തിരികെ വരുന്ന ബോട്ടുകളും തുറയിൽക്കടവിൽ നങ്കൂരം ഇടുമായിരുന്നു.
30 ലക്ഷം രൂപയിൽ ആധുനിക ബോട്ട് ജെട്ടികൾ
ദേശീയ ജലപാതയുടെ പ്രാധാന്യം വീണ്ടും വർദ്ധിച്ചതോടെ ഉൾനാടൻ ജലഗതാഗത വകുപ്പ് മുൻകൈയെടുത്ത് കാത്തിരുപ്പ് കേന്ദ്രത്തോട് കൂടിയ ആധുനിക ബോട്ട് ജെട്ടികൾ നിർമ്മിച്ച് തുടങ്ങി. ടി.എസ് കനാലിന്റെയും പള്ളിക്കലാറിന്റെയും വിവിധ തീരങ്ങളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബോട്ട് ജെട്ടികൾ കാണാം. ഉദ്ദേശം 30 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പുതിയ ബോട്ടു ജെട്ടികൾ നിർമ്മിക്കുന്നത്.