pattathanam-school-
ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തോടനുബന്ധിച്ച് പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ അദ്ധ്യാപകരും രക്ഷാകർത്താക്കളും ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർക്ക് ബിഗ് കാൻവാസിൽ ആശംസകളർപ്പിക്കുന്നു

കൊല്ലം: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ 2ന്റെ വിജയകരമായ വിക്ഷേപണത്തിൽ ടീം ഐ.എസ്.ആർ.ഒയ്ക്ക് ഐക്യദാർഢ്യമേകി പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂൾ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ചന്ദ്രയാൻ ദൗത്യത്തിന് പിന്നിലെ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർക്ക് ബിഗ് കാൻവാസിൽ ആശംസകളർപ്പിച്ചു. ചാന്ദ്രയാൻ 2 വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണവും സ്‌കൂളിൽ നടന്നു.

ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് വീഡിയോ - ചിത്ര പ്രദർശനങ്ങൾ, ക്വിസ് മത്സരം, ശാസ്ത്ര ക്ലബ് ഉദ്ഘാടനം, തത്സമയ പരീക്ഷണങ്ങൾ, റോക്കറ്റ് മോഡൽ പ്രദർശനം എന്നിവയും സ്‌കൂളിൽ സംഘടിപ്പിച്ചു. ബ്രഹ്മോസ് എൻജിനിയർ ജോസ് അലോഷ്യസ് 'ബഹിരാകാശ വിസ്മയങ്ങൾ' എന്ന വിഷയത്തിൽ പഠനക്ലാസ് നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത് ബീവി നന്ദിയും പറഞ്ഞു.