ചവറ: വിജയപാലസിൽ നടന്ന ചവറ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ലയൺസ് ക്ലബ് ജില്ലാ ഭാരവാഹി അലക്‌സ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് തയ്യൽമെഷീൻ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം അടക്കമുള്ള സേവന പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള നിർവഹിച്ചു. ചവറയുടെ സമഗ്രമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള കൈപുസ്തകത്തിന്റെ ആദ്യപ്രതി തങ്കമണിപ്പിള്ള, അലക്‌സ് കുര്യക്കോസിന് നൽകി പ്രകാശനം ചെയ്തു. സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കെ.പി. ആംസ് അദ്ധ്യക്ഷത വഹിച്ചു. ചവറയുടെ മിമിക്രി കലാകാരൻ സജികൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ഡോ. സുജിത്ത്, ഹരിലാൽ, സുരേന്ദ്രൻ , ഗോപാലകൃഷ്ണൻ, അഭിലാഷ്ചന്ദ്രൻ, റിയാസ് ചെങ്ങഴത്ത്, മഹേഷ്, അജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അഭിലാഷ്ചന്ദ്രൻ (പ്രസിഡന്റ് ), റിയാസ് ചെങ്ങഴത്ത് (സെക്രട്ടറി),
ഹരി കണ്ടോലിൽ (ട്രഷറർ) , അജേഷ് ചന്ദ്രൻ (അഡ്മിനിസ്‌ട്രേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.