കൊല്ലം : പീഡിത കശുഅണ്ടി വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനായി കേരളത്തിലെ മൂന്ന് ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ പുനരുദ്ധാരണ പദ്ധതികൾ ആവിഷ്‌കരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അറിയിച്ചു. നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. ലോൺ തിരിച്ചടവിനുള്ള വ്യവസ്ഥകളും പിഴപ്പലിശയും പരിഷ്‌കരിച്ചുകൊണ്ടുള്ളതാണ് പദ്ധതി. വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൺവീനറായുള്ള മൂന്നംഗ കമ്മിറ്റി കശുഅണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന്റെയും വായ്പകളുടെ പുനക്രമീകരണത്തിന്റെയും ധനപരമായ സാദ്ധ്യത പരിശോധിച്ച് ബാങ്കുകൾക്ക് ശുപാർശ സമർപ്പിക്കാൻ സംവിധാനമുണ്ട്. കമ്മിറ്റി 285 അപേക്ഷകൾ പരിശോധിച്ചു. 176 യൂണിറ്റുകൾക്ക് അധിക ധനസഹായത്തിനും പുനക്രമീകരണത്തിനും ശുപാർശ നൽകി. 67 യൂണിറ്റുകൾക്ക് ഒറ്റത്തവണ തീർപ്പാക്കലിനും ശുപാർശ നൽകി. 30 ഫാക്ടറികൾക്ക് ബാങ്കുകൾ അധിക ധനസഹായവും പുനക്രമീകരണവും അനുവദിച്ചതായും മന്ത്രി അറിയിച്ചു. കാഷ്യു ഫാക്ടറിയുടെ ഉടമസ്ഥരാരും ബാങ്കുകളുടെ നടപടികളെ തുടർന്ന് ആത്മഹത്യ ചെയ്തതായി വ്യവസായ വകുപ്പോ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയോ കേരള സർക്കാരോ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടിന്നെും മന്ത്രി മറുപടി നൽകി. കശുഅണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനും ബാങ്ക് വയ്പകളുടെ പുനക്രമീകരണത്തിനും തോട്ടണ്ടി ഇറക്കുമതിചുങ്കം കുറയ്ക്കാനുമുള്ള അപേക്ഷ കേന്ദ്രസർക്കാർ പരിഗണിച്ചു. തോട്ടണ്ടി ഇറക്കുമതി ചുങ്കം 5 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.