പടിഞ്ഞാറേ കല്ലട : കോതപുരം കണ്ണങ്കാട് റെയിൽവേ പാലത്തിനും കാരാളിമുക്ക് റെയിൽവേ മേൽപ്പാലത്തിനും ഇടയിലുള്ള റെയിൽവേ ലൈനിന്റെ ഇരുവശങ്ങളിലെയും കാടുകൾ പരിസരവാസികൾക്ക് ഭീഷണിയാകുന്നു. നേരത്തേ കാട് വെട്ടിത്തെളിക്കാനായി റെയിൽവേ ടെൻഡർ നൽകാറുണ്ടായിരുന്നു. ടെൻഡർ എടുക്കുന്നവർ വർഷത്തിൽ ഒന്ന് രണ്ട് തവണ കാടുകൾ പൂർണമായും വെട്ടിത്തെളിച്ചിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇവർ കാടുകൾ വെട്ടിത്തളിക്കാറില്ല. റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന കടുത്ത നിയമ പ്രശ്നങ്ങളെ ഭയന്നാണ് ഈ കാടുകൾ വെട്ടി നശിപ്പിക്കാൻ ആരും തയ്യാറാകാത്തത്. പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്ന കാടുകൾ എത്രയും വേഗം വെട്ടിത്തെളിക്കാനുള്ള നടപടി റെയിൽവേ അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇഴജന്തുക്കളുടെ ശല്യം
മഴക്കാലമായതോടെ റെയിൽവേ ലൈനിന്റെ ഇരുവശങ്ങളിലെയും കാടുകളിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. റെയിൽവേ ലൈനിന് ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മിക്ക വീട്ടുകാരുടെയും വീടുകളിലേക്കുള്ള വഴി റെയിൽവേ ലൈനിന് സമീപത്തുകൂടിയായതിനാൽ രാത്രിയിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുന്നത് വൻ ഭീഷണിയാണ്.