കെട്ടിടം നിർമ്മിച്ചിട്ട്: 26 വർഷം
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ പ്രധാന കേന്ദ്രമായ ഭരണിക്കാവ് ജംഗ്ഷന് സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന കെട്ടിടം നാശത്തിന്റെ വക്കിൽ. ഭരണിക്കാവിലെ കമ്മ്യൂണിറ്റി ഹാളിനാണ് ശാപമോക്ഷം വൈകുന്നത്. 1992 ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഡോ.ബി.ആർ അംബദ്കർ സ്മാരക മന്ദിരമായിട്ടായിരുന്നു നിർമ്മാണം.
എന്നാൽ നാളിതുവരെയും ഹാളിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഉടമസ്ഥാവകാശത്തെ ചൊല്ലി പഞ്ചായത്തും പട്ടികജാതി വികസനവകുപ്പും തമ്മിലുള്ള തർക്കം കോടതിയിലെത്തിയതോടെയാണ് പ്രവർത്തനം അധോഗതിയിലായത്. ഇതിനിടെ
സാമൂഹ്യ വിരുദ്ധർ കടന്നുകയറി വാതിലുകളും ജനലുകളും അടക്കം ഇളക്കി എടുത്തു. കെട്ടിടത്തിന്റെ പരിസരം കാട് മൂടപ്പെടുകയും ചെയ്തതോടെ തകർച്ച പൂർണമായി. കേസിൽ പഞ്ചായത്തിന് അനുകൂലമായി വിധി വന്നങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് മാത്രം നടന്നില്ല.
പാഴാകുന്നത് ലക്ഷങ്ങൾ
താലൂക്ക് വികസനസമിതിയിൽ വിഷയം ചർച്ചയാകുകയും ദളിത് സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്ത് കമ്മ്യൂണിറ്റി ഹാൾ പ്രവർത്തനസജ്ജമാക്കാമെന്ന് ഉറപ്പുനൽകി. കെട്ടിടത്തിന്റെ പരിസരത്തുള്ള കാട് വെട്ടിത്തെളിച്ചെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇതോടെ ഇവിടം വീണ്ടും കാടുമൂടി. കുന്നത്തൂരിൽ അനുവദിച്ച ഐ.ടി.ഐ യ്ക്ക് സ്ഥലമില്ലെന്ന അധികാരികളുടെ വാദം നിലനിൽക്കുമ്പോഴാണ് കൊല്ലം- തേനി ദേശീയപാതയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ ലക്ഷങ്ങൾ ചെലവിട്ടു നിർമ്മിച്ച കെട്ടിടവും ഭൂമിയും അനാഥമായി കിടക്കുന്നത്.