അഞ്ചാലുംമൂട്: പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അവശരായ രോഗികളെ ഡോക്ടറെ കാണിക്കണമെങ്കിൽ കൂടെ വരുന്നവർ ചുമന്ന് തന്നെ കൊണ്ടുപോകണം. ദിവസേന നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്ന കേന്ദ്രത്തിൽ പേരിന് പറയാൻ പോലും ഒരു വീൽച്ചെയർ ഇല്ല. ഉള്ളത് കാലപ്പഴക്കം മൂലം കേടായി ഉപേക്ഷിച്ചിരിക്കുകയാണ്.
പനയം പഞ്ചായത്തിന്റെ കീഴിലാണ് പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നിരവധി യോഗങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും തീരുമാനങ്ങളൊന്നും നടപ്പിലാക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതിഷേധം സംഘടിപ്പിക്കും
ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ വീൽച്ചെയറുകൾ വാങ്ങുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് നാട്ടുകാർ പറഞ്ഞു.