പുനലൂർ: കാലപ്പഴക്കത്തെ തുടന്ന് ചോർന്നൊലിച്ച് ഏത് സമയവും നിലപൊത്താവുന്ന അവസ്ഥയിലായിരുന്ന തെന്മല പഞ്ചായത്തിലെ ഇടമൺ വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നു. പൊളിച്ചുനീക്കിയ പഴയ കെട്ടിടം സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ 44 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയുന്നത്. ഇതിന്റെ ശിലാസ്ഥാപനം 27ന് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു നിർവഹിക്കും.
നേരത്തേ ഓഫീസിന് സമീപത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് ഇടമൺ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റിയിരുന്നു. തുടർന്നാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്.
ശിലാസ്ഥാപനം 27ന്
ചെലവ്: 44ലക്ഷം രൂപ
നിർമ്മാണ ചുമലത: സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്
ഇഴജന്തുക്കളുടെ ശല്യം
അര നൂറ്റാണ്ടിന് മുമ്പ് കോൺക്രീറ്റ് ചെയ്ത ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയും പാർശ്വഭിത്തികളും വിണ്ട് കീറിയിരുന്നു. തകർച്ചാ ഭീഷണി നേരിട്ടിരുന്ന ഓഫീസിന് ചുറ്റും കാട് വളർന്ന് ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിരുന്നു. ഓഫീസിനുള്ളിലെ കമ്പ്യൂട്ടറിൽ വരെ മൂർഖൻ പാമ്പ് കയറിയ സംഭവവുമുണ്ടായി. നാട്ടുകാരും ജീവനക്കാരും ചേർന്നാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.
കേരള കൗമുദി വാർത്ത
കാലപ്പഴക്കത്താൽ ഏത് സമയവും നിലപൊത്താവുന്ന അവസ്ഥയിലുള്ള ഇടമൺ വില്ലേജ് ഓഫീസിനെപ്പറ്റി കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു തകർച്ചയിലായ ഇടമൺ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ദയനീയാവസ്ഥ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ സ്മാർട്ട് കെട്ടിടം പണിയാൻ 44 ലക്ഷം രൂപ അനുവദിച്ചത്.
ആധുനിക സൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടി പണിയുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ ഓഫീസ് മുറിക്ക് പുറമേ ജീവനക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക മുറി, കോൺഫറൻസ് ഹാൾ, ടോയിലറ്റ് അടക്കമുളള സൗകര്യങ്ങളും സജ്ജമാക്കും. ഇതോടെ നാട്ടുകാരുടെ ദുരിതത്തിന് അറുതിയാകും.