അഡംബര ജീവിതത്തിനായി കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവും വലയിൽ
കൊല്ലം: ഓപ്പറേഷൻ ക്ലീൻ കൊല്ലം എന്ന പേരിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കച്ചവടക്കാരായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളക്കം ഒൻപത് പേർ പിടിയിലായി. രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. എക്സൈസിന്റെ പിടിയിൽ ആദ്യം അകപ്പെട്ട ഇരവിപുരം താന്നി വയലിൽ വീട്ടിൽ അഖിൽ (22) ആണ് മറ്റുള്ളവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്.
നേരത്തെ പിടിയിലായ ഇരവിപുരം സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്നാണ് അഖിലിനെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്. ഇന്നലെ 1.1 കിലോ കഞ്ചാവുമായി ബൈക്കിൽ വരുമ്പോൾ താന്നിയിൽ വച്ച് അഖിൽ എക്സൈസിന്റെ വലയിലാവുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ പ്രതി വെല്ലുവിളിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുമെന്നും പറഞ്ഞു. അഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധതരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാനും അളക്കാനുമുള്ള ഉപകരണങ്ങളും കണ്ടെടുത്തു. കോയമ്പത്തൂരിൽ പോയി കഞ്ചാവ് വാങ്ങിയ ശേഷം അളവ് തൂക്ക യന്ത്രങ്ങളും പായ്ക്കിംഗ് യന്ത്രങ്ങളും ഉപയോഗിച്ച് ചെറിയ കവറുകളിലാക്കിയാണ് ഇയാൾ വില്പന നടത്തിയിരുന്നത്.
സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള അഖിൽ ആഡംബര ജീവിതത്തിനായാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. വീടിനോട് ചേർന്നുള്ള കായൽ തീരത്ത് കുഴികളെടുത്ത് ടിന്നിലാണ് കഞ്ചാവ് സംഭരിച്ചിരുന്നത്. മദ്യം കടത്തിയ കേസിൽ വാളയാർ സ്റ്റേഷനിൽ അഖിൽ പ്രതിയാണ്. അഖിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചില്ലറ വില്പനക്കാരായ മറ്റ് എട്ട് പേർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ജെ. താജുദീൻ കുട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടർ എം. നൗഷാദ്, എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ്, ശ്രീകുമാർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽകുമാർ, കബീർ, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.