പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപാക നാശം. ഇന്നലെ പുലർച്ചെ 4ന് ഉണ്ടായ കനത്ത കാറ്റിൽ തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കൽ അയ്യപ്പവിലാസത്തിൽ ഉണ്ണിയുടെ വീടിന് മുകളിൽ തേക്ക് മരം പിഴുത് വീണ് മേൽക്കൂര തകർന്നു. ഈ സമയം ഉണ്ണിയും ഭാര്യ ശാന്തമ്മയും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് വീടിന് മുകളിൽ മരം വീണ വിവരം അറിയുന്നത്. മഴ ശക്തമായതോടെ നഗരസഭയിലെ കല്ലാർ കുമാർഭവനിൽ അജയകുമാറിന്റെ വീടിനോട് ചേർന്ന കുളിമുറി ഇടിഞ്ഞ് സമീപത്തെ വീട്ടിലേക്ക് വീണ് വീടിന്റെ മുൻ ഭാഗത്തെ ഭിത്തി തകർന്നു. അംബികയുടെ വീടിന്റെ മുൻഭാഗത്തെ ഭിത്തിയാണ് തകർന്നത്. കാറ്റ് ശക്തമായതോടെ റബർ അടക്കമുള്ള കാർഷിക വിളകൾക്കും വ്യാപകമായ നാശമാണ് സംഭവിക്കുന്നത്.