kunnathur
റോഡ് നിർമ്മാണത്തെ തുടർന്ന് കുന്നത്തൂർ പാലത്തിനു സമീപം കുടങ്ങിയ ലോറി

കുന്നത്തൂർ: അശാസ്ത്രീയ റോഡ് നിർമ്മാണത്തെ തുടർന്ന് കുന്നത്തൂർ പാലത്തിനു സമീപം ലോറി കുടുങ്ങി. തമിഴ്നാട്ടിൽ നിന്ന് സിമന്റ് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കുടുങ്ങിയത്. റോഡ് പൂർണമായും ഇളക്കിയ ശേഷം പാറപ്പൊടിയും മെറ്റലും ചേർത്ത് കുഴികൾ നിറച്ചിരുന്നു. എന്നാൽ ഇവിടം വേണ്ടത്ര രീതിയിൽ ഉറപ്പിച്ചിരുന്നില്ല. ഇതിനാൽ ലോറിയുടെ ഒരു ഭാഗം പുതഞ്ഞ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തട്ടി നിൽക്കുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിന് പൊട്ടൽ സംഭവിച്ചെങ്കിലും നിലംപതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം കുടുങ്ങിയതിനെ തുടർന്ന് തിരക്കേറിയ പാതയിൽ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. സിമന്റ് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷമാണ് ലോറി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മാറ്റിയത്. കുന്നത്തൂർ പാലത്തിനു സമീപം വാഹനങ്ങൾ പുതയുന്നതും അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴ ശക്തമായതോടെ അപകട സാദ്ധ്യതയും വർദ്ധിച്ചു. കൊട്ടാരക്കര - സിനിമാപറമ്പ് റോഡ് നിർമ്മാണമാണ് അപകട ഭീഷണിയാകുന്നത്. കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയുള്ള റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.