കുന്നത്തൂർ: ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം 'ചന്ദ്രയാൻ - 2' നെക്കുറിച്ച് വിദ്യാർത്ഥികൾ തീർത്ത ചന്ദ്രയാൻ വിക്ഷേപണ മാതൃക കൗതുകമായി. മുതുപിലാക്കാട് ഇടിഞ്ഞകുഴി ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ചന്ദ്രയാന്റെ മാതൃകാ രൂപം സൃഷ്ടിച്ചത്. യൂണിഫോം അണിഞ്ഞ ഒന്ന് മുതൽ 4 വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഇതിൽ കണ്ണികളായി. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി പ്രതീകാത്മകമായി നീൽ ആം സ്ട്രോംഗ് അതിഥിയായെത്തി കുട്ടികളുമായി അഭിമുഖം നടത്തിയത് വേറിട്ട കാഴ്ചയായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് നീൽ ആം സ്ട്രോംഗ് ഉത്തരം നൽകി. നാലാം ക്ലാസിലെ പ്രണവ് എന്ന വിദ്യാർത്ഥിയാണ് നീൽ ആം സ്ട്രോംഗ് ആയി വേഷമിട്ടത്. തുടർന്ന് ചാന്ദ്രദിന സന്ദേശം ഉൾക്കൊണ്ട വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. പ്രഥമാദ്ധ്യാപിക ഗ്രേസി എബ്രഹാം ചാന്ദ്രദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ തൊളിയ്ക്കൽ സുനിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ജോസ് ലിജോസ്, സ്മിത, പൗർണമി, ജയശീ, ലീല എന്നിവർ നേതൃത്വം നൽകി.