photo
കൊട്ടാരക്കര കച്ചേരിമുക്കിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾ

കൊട്ടാരക്കര: കൊട്ടാരക്കര കച്ചേരിമുക്കിൽലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇരുചക്രവാഹനങ്ങൾ കൈയ്യടക്കി. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ ഭാഗമായാണ് വിശാലമായ കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്. ഇത് അനധികൃത പാർക്കിംഗ് ഏരിയ ആയതോടെ ബസ് കാത്തുനിൽക്കുന്നവർക്ക് പാതയോരം മാത്രമായി ആശ്രയം.

ഏറെനേരം വിശ്രമിക്കേണ്ടവർക്ക് ഇവിടെ ഇരിപ്പിടവും മതിയായ സ്ഥല സൗകര്യവും ഉണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുന്നിലായി നിന്നെങ്കിൽ മാത്രമേ ബസുകൾ വരുന്നത് കാണാൻ കഴിയുകയുള്ളൂ. ഇതാണ് ബൈക്കുകൾ കൈയ്യടക്കിയത്. മഴ കനത്തതോടെ കൂടുതൽ ആളുകൾ തങ്ങളുടെ വാഹനങ്ങൾ ഇവിടെ കയറ്റിവയ്ക്കുന്നുണ്ട്. സിവിൽ സ്റ്റേഷനിൽ എത്തുന്നവരും പൊലീസ് സ്റ്റേഷനിൽ എത്തുന്നവരും ബസിൽ കയറി പോകേണ്ടവരുമടക്കം ഇരുചക്ര വാഹനങ്ങൾ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായി വച്ചിട്ടാണ് പോകുന്നത്. ഇതാണ് ജനങ്ങളെ വലയ്ക്കുന്നത്.

പൊലീസ് സ്റ്റേഷന് തൊട്ടടുത്തായി ഇത്തരത്തിൽ അനധികൃത പാർക്കിംഗ് നടത്തിയിട്ടും ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഓരത്താണ് ഈ കാത്തിരിപ്പ് കേന്ദ്രം. കൊല്ലം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരാണ് ഇവിടെ എത്തുക. നേരത്തേ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗത്തായി സ്വകാര്യ വ്യക്തിയുടെ പച്ചക്കറി കട പ്രവർത്തിച്ചിരുന്നു. താലൂക്ക് വികസന സമിതിയുടെ തീരുമാനപ്രകാരമാണ് ഇത് ഇവിടെ നിന്നും നീക്കം ചെയ്തത്. കട മാറിയെങ്കിലും അനധികൃതമായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ജനം വീണ്ടും വലഞ്ഞു.

വൃത്തിഹീനം

കാത്തിരിപ്പ് കേന്ദ്രത്തിന്റെ വൃത്തിയില്ലായമയും മറ്റൊരു പ്രശ്നമാണ്. ശുചീകരണത്തിനായി യാതൊരു സംവിധാനവും ഉണ്ടാക്കിയിട്ടില്ല. ഏറെ സമയം കാത്തിരിപ്പ് കേന്ദ്രത്തിൽ ചെലവഴിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. തെരുവ്നായ്ക്കളും താവളമാക്കുന്നുണ്ട്. ഇതും യാത്രക്കാരെ വലയ്ക്കുന്നു.

വെളിച്ചമില്ല

കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ വെളിച്ചത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കാത്തിരിപ്പ് കേന്ദ്രം താവളമാക്കാറുണ്ട്. പൊലീസ് സ്റ്റേഷന്റെ പരിസരമാണെങ്കിലും ഇവിടേക്ക് പൊലീസിന്റെ കണ്ണെത്താറില്ല. യാചകരും മറ്റും രാത്രി വിശ്രമിക്കുന്നതും ഇവിടെത്തന്നെ. കൂട്ടത്തിൽ മോഷ്ടാക്കളും മറ്റും എത്തിയാലും ശ്രദ്ധിക്കാറില്ല.

ബൈക്ക് പാർക്കിംഗ് മാറ്റണം

കച്ചേരിമുക്കിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലായി കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരുചക്ര വാഹന പാർക്കിംഗ് അവസാനിപ്പിക്കണം. യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. അടിയന്തിരമായി പൊലീസ് ഇടപെടണം.

(സുധാകരൻ പള്ളത്ത്, പൊതുപ്രവർത്തകൻ)