കൊട്ടാരക്കര: പുത്തൂരിലെ കശുഅണ്ടി വ്യവസായിയിൽ നിന്ന് തോട്ടണ്ടി നൽകാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കുന്നത്തൂർ നെടിയവിള മാനാമ്പുഴ ചന്ദ്രവിലാസത്തിൽ ചന്ദ്രബാബു(58)നെയാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു.
പുത്തൂർ തെക്കുംചേരി ശ്രീദുർഗ കാഷ്യൂസ് ഉടമ ഡി.പ്രദീപ് കുമാറിൽ നിന്നാണ് സംഘം പണം തട്ടിയത്.
കൂട്ടുപ്രതികളായ കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർവഞ്ചി വടക്ക് മുണ്ടപ്പള്ളി കിഴക്കേത്തറ വീട്ടിൽ നിസാറുദ്ദീൻ (46), പത്തനംതിട്ട കല്ലൂപ്പാറ കടമാൻകുളം പാണ്ടികശാല വീട്ടിൽ മേഴ്സി (56) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടമാൻകുളം പാണ്ടികശാല വീട്ടിൽ സാം വി സാമുവലാണ് മറ്റൊരു പ്രതി. അറസ്റ്റിലായ മേഴ്സിയുടെ ഭർത്താവാണ് സാം വി. സാമുവൽ.
മഞ്ചേരിയിൽ നിന്ന് അഞ്ചുകോടിയുടെ നാടൻ തോട്ടണ്ടി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സാമും നിസാറുദ്ദീനുമാണ് പ്രദീപിനെ ആദ്യം സമീപിച്ചത്. ദിവസങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷം ഏപ്രിൽ 22ന് അഡ്വാൻസ് തുകയായി 55 ലക്ഷം രൂപ പ്രദീപ് കൈമാറുകയായിരുന്നു. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പ്രദീപ് 24ന് പുത്തൂർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിസാറുദ്ദീനും മേഴ്സിയും അറസ്റ്റിലായത്. ഇതിനിടെ ചന്ദ്രബാബുവും സാം വി.സാമുവലും മുങ്ങി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പുത്തൂർ സി.ഐ ടി. വിജയകുമാർ, എസ്.ഐ രതീഷ് കുമാർ, എ.എസ്.ഐ വാസുദേവൻ പിള്ള, എസ്.സി.പി.ഒ രാജീവ് എന്നിവർ ചേർന്നാണ് ചന്ദ്രബാബുവിനെ ഇന്നലെ പുലർച്ചെ നെടിയവിളയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ജയിലിൽ തുടങ്ങിയ സൗഹൃദം
1. 2016ൽ ജില്ലാ ജയിലിൽ വച്ചാണ് ചന്ദ്രബാബുവും സാം വി.സാമുവലും പരിചയപ്പെട്ടത്.
2. അമ്പലപ്പുഴ, കായംകുളം സ്റ്റേഷനുകളിൽ ഇവർക്കെതിരെ തട്ടിപ്പ് കേസുകളുണ്ട്.
3.വ്യാജരേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ എടുത്താണ് ഇവരുടെ തട്ടിപ്പുകൾ തുടങ്ങുന്നത്.
4.ഭരണിക്കാവിലെ ലോഡ്ജിൽ മുറിയെടുത്താണ് തോട്ടണ്ടി കച്ചവടക്കാർ എന്ന പേരിൽ തട്ടിപ്പ് ആസൂത്രണം ചെയ്തത്.