mock-drill
ജില്ലാ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ ഐ.ഒ.സി പാരിപ്പള്ളി ബോട്ട്ലിംഗ് പ്ലാന്റിൽ സംഘടിപ്പിച്ച മോക്ഡ്രിൽ

പാരിപ്പള്ളി: ഐ.ഒ.സി പാരിപ്പള്ളി ബോട്ട്ലിംഗ് പ്ലാന്റിൽ ജില്ലാ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ പ്രദേശവാസികളിൽ ആദ്യം ഭീതിയുണർത്തിയെങ്കിലും പിന്നീട് കൗതുകമായി മാറി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാചകവാതകം ചോർന്നാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ഉൾപ്പെടുത്തി മോക്ഡ്രിൽ സംഘടിപ്പിച്ചത്.

പ്ലാന്റിലേക്ക് പാചകവാതകം നിറച്ചെത്തിയ ബുള്ളറ്റ് ടാങ്കറിൽ ചോർച്ച ഉണ്ടായതിനെ നേരിടാൻ കമ്പനി അധികൃതർ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടർന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശാനുസരണം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി സ്ഥിതിഗതികൾ നേരിടാനുള്ള ശ്രമം ആരംഭിച്ചു.

സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തു. പാരിപ്പള്ളി വില്ലേജ് ഒാഫീസർ ഡൊമിനിക്കിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ മുന്നൂറ് മീറ്റർ ചുറ്റളവിലുള്ള പരിസരവാസികളെ മാറ്റാൻ തുടങ്ങി. പരവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് വാട്ടർ കർട്ടൻ ഉപയോഗിച്ച് പാചകവാതകം വ്യാപിക്കുന്നത് തടഞ്ഞു. ദുരന്തനിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തടിച്ചുകൂടിയ നാട്ടുകാരെ പ്രദേശത്ത് നിന്ന് നീക്കം ചെയ്തു. പ്ലാന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ രവി ഗോവിന്ദനും സേഫ്റ്റി ഒാഫീസർ അജ്മൽ ഉസൈനും ചേർന്ന് വാതകച്ചോർച്ച നിയന്ത്രിക്കുന്നതിന് നേതൃത്വം നൽകി.

അപകടത്തിൽപ്പെട്ടവർക്ക് ഡെപ്യൂട്ടി ഡി.എം.ഒ മണികണ്ഠന്റെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷ നൽകി. കലയ്ക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, നെടുങ്ങോലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽസംഘം പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ എമർജൻസി റെസ്പോൺസ് വെഹിക്കിളിന്റെ സഹായത്തോടെ പാചകവാതകം മറ്റൊരു ബുള്ളറ്റ് ടാങ്കറിലേക്ക് മാറ്റി. വാട്ടർ അതോറിറ്റി അധികൃതർ സഥലത്തെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തി. പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാതകത്തിന്റെ അളവ് അന്തരീക്ഷത്തിൽ അനുവദനീയമായ പരിധിയിലാണെന്ന് ഉറപ്പാക്കിയശേഷം ടാങ്കർ എമർജൻസി ലിഫ്റ്റ് ചെയ്യാൻ കൺട്രോൾ റൂമിലറിയിച്ചതോടെയാണ് രണ്ട് മണിക്കൂർ നീണ്ട മോക്ഡ്രിൽ അവസാനിച്ചത്.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർമാരായ കൈലാസ് കുമാർ, ഷാജികുമാർ, പ്രമോദ്, വിപിൻ, സജിത്ത്, കെമിക്കൽ ഇൻസ്പെക്ടർ സിയാദ്, ഡെപ്യൂട്ടി തഹസീൽദാർ സുരേഷ്ബാബു, പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനിയർ സിമി, ഫയർഫോഴ്സ് പരവൂർ സ്റ്റേഷൻ ഒാഫീസർ യേശുദാസൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജു, കെ.എം.എം.എൽ ജീവനക്കാരായ രമേശൻ, ഇംതിയാസ് മുഹമ്മദ്, സജിത്ത്, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് വിനോജ് ജോസഫ്, കെ.എസ്.ഇ.ബി എ.ഇ ജയസ്‌മിത എന്നിവർ നേതൃത്വം നൽകി.