photo
മർദ്ദനമേറ്റ നെടിയറ ശാഖാ അംഗം ജയകുമാർ ആശുപത്രിയിൽ

അഞ്ചൽ: കൂട്ടപ്രാർത്ഥനയുടെ പേരിൽ ബഹളം കൂട്ടുകയും അസഭ്യം പറയുകയും ചെയ്തതിനെ ചോദ്യം ചെയ്ത വനിതാസംഘം പ്രവർത്തകയ്ക്കും ഭർത്താവിനും ക്രൂരമായ മർദ്ദനമേറ്റു. നെടിയറ എസ്.എൻ.ഡി.പി ശാഖാ വനിതാ സംഘം പ്രവർത്തക ഇന്ദിര, ഭർത്താവ് ജയകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അ‌ടുത്തിടെ ഇന്ദിരയുടെ വീടിന് സമീപത്തെ വീട്ടിൽ ഏതാനും പേർ വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചിരുന്നു. ഇവിടെ ഇടയ്ക്കിടെ രാത്രിയിൽ അപരിചിതരായ ആളുകൾ വന്ന് പോകുന്നതും പതിവായി പെന്തകോസ്തു വിശ്വാസികളായ ഇവർ പ്രാർത്ഥനയുടെ പേരിൽ ബഹളം വയ്ക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഇതിനെതിരെ പരാതി ഉയരുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ഇന്ദിരയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം വാഹനത്തിൽ എത്തിയ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ പലരെയും നിർബന്ധിച്ച് മതംമാറ്റുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. വനിതാ സംഘം പ്രവർത്തകയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ നെട്ടയത്ത് നടന്ന യോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ഹരിദാസ്, ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു, യൂത്ത് മൂവ് മെന്റ് നേതാക്കളായ ഏരൂർ സുനിൽ, ബിനു സത്യൻ തുടങ്ങിയവർ സംസാരിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന നെടിയറയിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.