കൊല്ലം: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരി കുടുക്കി. ഇയാൾ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ യാത്രക്കാരി മോട്ടോർ വാഹനവകുപ്പിന് കൈമാറുകയായിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ നിന്ന് ചിറ്റുമല വഴി ശാസ്താംകോട്ടക്ക് പോയ സെന്റ് ജോൺസ്’ ബസിലെ ഡ്രൈവർ അഭിലാഷിനെതിരെയാണ് കേസ്. മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി ബസ് ഓടിക്കുന്നത് കണ്ട് യാത്രക്കാർ വഴക്ക് പറഞ്ഞെങ്കിലും ഡ്രൈവർ കാര്യമായെടുത്തില്ല. ഇതോടെ കൂട്ടത്തിലൊരു യാത്രക്കാരി ദൃശ്യങ്ങൾ പകർത്തി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ശരത്ചന്ദ്രന് അയച്ചുകൊടുത്തു.
25 മിനിട്ടോളം ഡ്രൈവർ മൊബൈൽ ഉപയോഗിച്ചെന്ന് യാത്രക്കാരി പറഞ്ഞു. വൈകുന്നേരം 7.15 ഓടെ ബസ് തിരികെ കുണ്ടറ എത്തിയപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വീഡിയോദൃശ്യം കാണിച്ചതോടെ ഡ്രൈവർ കുറ്റം സമ്മതിച്ചു. ലൈസൻസ് സസ്പെൻഡ് ചെയ്യാനായി കേസ് തയ്യാറാക്കി ഇന്ന് ആർ.ടി.ഒക്ക് സമർപ്പിക്കുമെന്ന് എം.വി.ഐ പറഞ്ഞു.