കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ തുടരുന്ന സ്കൗട്ട്സ് ഗൈഡ്സ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ബാധിച്ച ഭക്ഷ്യവിഷബാധ അപകടകരമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്ഥലം സന്ദർശിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ചികിത്സ തേടിയവരുടെ നില തൃപ്തികരമാണ്. പുതുതായി രോഗലക്ഷണം കണ്ടെത്തിയവരുടെ സ്ഥിതിയും ഗുരുതരമല്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകിയ തങ്കശ്ശേരി കാവൽ ജംഗ്ഷനിലുള്ള ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ചേർത്ത് ആഹാരം തയ്യാറാക്കിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പകർച്ച പനി പ്രതിരോധത്തിനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തിയതായും ഡി.എം.ഒ. അറിയിച്ചു. പുനലൂർ, ശക്തികുളങ്ങര, ചവറ, കുമ്മിൾ എന്നിവടങ്ങളിലായി അഞ്ചു പേർക്ക് ഡെങ്കി പനിയും ചവറയിൽ ഒരാൾക്ക് എച്ച്1 എൻ1 പനിയും റിപോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആവശ്യമായ മരുന്നുകൾ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുമുണ്ട് എന്ന് ഡി.എം.ഒ. വ്യക്തമാക്കി.