കരുനാഗപ്പള്ളി: കായൽത്തീര സംരക്ഷണത്തിനായി കുലശേഖരപുരം പഞ്ചായത്തിന്റെ പരിധിയിലുള്ള തുറയിൽക്കടവ് മുതൽ തെക്കോട്ട് കെട്ടിടത്തിൽക്കടവ് വരെ നിർമ്മിച്ച കായൽ സംരക്ഷണഭിത്തി തകർന്നു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് പലസ്ഥലങ്ങളിലെയും ഭിത്തി തകർന്ന് കായലിൽ പതിക്കാൻ കാരണം. കായൽ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനും തീരം സംരക്ഷിക്കാനുമാണ് അരനൂറ്റാണ്ടിന് മുമ്പ് മേഖലയിൽ സംരക്ഷണ ഭിത്തി സ്ഥാപിച്ചത്.
നിർമ്മാണത്തിനു ശേഷം ഇന്നുവരെ ഇവയുടെ നവീകരണം നടത്തിയിട്ടില്ല. ഇതാണ് തകർച്ചയുടെ ആക്കം കൂട്ടിയത്. ഭിത്തി നിലംപതിച്ചതോടെ തീരത്തെ മണ്ണിടിഞ്ഞ് കായലിൽ പതിക്കുകയാണ്. ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റത്തിനും ഇത് കാരണമാകുന്നു. വേലിയേറ്റമുള്ളപ്പോഴാണ് സ്ഥിതി ഏറെ ഗുരുതരം. കരക്കൃഷിയും ഇടവിളക്കൃഷിയും ഉപ്പുവെള്ളം കയറി നശിക്കുന്നു. കർഷകരും ഇതോടെ ദുരിതത്തിന് നടുവിലായി. കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം യഥാസമയം ലഭിക്കാത്തതും ഇവരെ കടക്കെണിയിലാക്കി. ഈ അവസ്ഥ പരിഹരിക്കുന്നതിന് അടിയന്തരമായി പ്രദേശത്തെ തീരസംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആശങ്കയുടെ നടുവിൽ 1000ത്തോളം കുടുംബങ്ങൾ
ആയിരത്തിലധികം കുടുംബങ്ങളാണ് കായൽ തീരങ്ങളിൽ താമസിക്കുന്നത്. മണ്ണ് ഇടിഞ്ഞ് താഴുന്നതിനാൽ ഇവരുടെ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിലവിലുള്ള സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാനാകില്ല. ഇവിടെ പുതിയ കരിങ്കൽ ഭിത്തി തന്നെ നിർമ്മിക്കണം. ദേശീയപാതയിലൂടെ ഇടതടവില്ലാതെ മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകുമ്പോഴുണ്ടാകുന്ന തിരമാലകളും ഭിത്തിയുടെ തകർച്ചയ്ക്ക് കാരണമാകുന്നു.
തുറയിൽക്കടവിൽ നിന്ന് തെക്കോട്ടുള്ള തീരസംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങളായി. ഇവിടുത്തെ മണ്ണ് ഇടിഞ്ഞുതാണ് തീരം നഷ്ടപ്പെടുകയാണ്. നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകി. നടപടി മാത്രം ഉണ്ടായില്ല. ഓരോ ദിവസം കഴിയുമ്പോഴും തീരം നശിക്കുകയാണ്. അടിയന്തരമായി നിലവിലുള്ള സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കണം.
ജെ. ആനന്ദൻ, പ്രസിഡന്റ്, ശ്രീനാരായണ യുവജന സംഘടന