sndp
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖാ യോഗങ്ങളുടെയും പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ശാഖകളെ നാല് കാറ്റഗറികളാക്കി തിരിക്കുമെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേന, പ്രാർത്ഥനാസമിതി ഭാരവാഹികളുടെ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

100 കുടുംബങ്ങൾ വരെയുള്ള ശാഖകൾ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുത്തും. 200കുടുംബങ്ങൾ വരെയുള്ള ശാഖകളെ രണ്ടും മൂന്നൂറ് കുടുംബങ്ങൾ വരെയുള്ള ശാഖകൾ മൂന്നും അതിനുമുകളിൽ കുടുംബങ്ങൾ ഉള്ള ശാകളെ നാലും കാറ്റഗറിയിൽ ഉൾപ്പെടുത്തും. ഓരോ കാറ്റഗറിയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന എല്ലാ കാറ്റഗറിയിലെയും ശാഖകൾക്ക് ഒന്നാം സമ്മാനമായി 50000 രൂപവീതം നൽകും. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 30000രൂപയും 10000 രൂപയുമാണ് സമ്മാനം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ശാഖാ സെക്രട്ടറിമാർക്ക് 10,000രൂപയും സമ്മാനമായി നൽകും.

അടുത്ത മാസം മുതൽ ഒരു വർഷക്കാലമുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. എല്ലാ മാസത്തെയും പ്രവർത്തന റിപ്പോർട്ട് യൂണിയനിൽ ഹാജരാക്കണമെന്നും യൂണിയൻ പ്രസിഡന്റ് അറിയിച്ചു. ഒരു ശാഖയിൽ 40 കുടുംബങ്ങളെ വീതം ഉൾപ്പെടുത്തി എല്ലാ മാസവും കുടുംബ യോഗങ്ങൾ ചേരും. ശാഖയിലെ പോക്ഷക സംഘടനകളുടെ പ്രവർത്തനം ശക്തമാക്കും.വിദ്യാർത്ഥികൾക്ക് പരീക്ഷാ പരിശീലനം, മാര്യേജ് ബ്യൂറോ, ഹെൽപ്പ് ഡസ്ക് തുടങ്ങിയവയുടെ പ്രവർത്തനം ആരംഭിക്കാനും പ്രീ മാര്യേജ് കൗൺസലിംഗ് ശക്തമാക്കാനും യോഗം തീരുമാനിച്ചു.

യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ്കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ സന്തോഷ് ജി. നാഥ്, എൻ. സുന്ദരേശൻ, ഡി. ബിനിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.