കൊല്ലം: ഓപ്പറേഷൻ ഈസി വാക്കിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഓണത്തിന് മുൻപ് രണ്ട് തെരുവ് ചന്തകൾ ആരംഭിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. നഗരസഭാ കൗൺസിൽ യോഗത്തിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെരുവ് ചന്തയുടെ രൂപരേഖ ഉടൻ തയ്യാറാക്കും. പ്രധാന റോഡുകളിലെ തിരക്ക് വർദ്ധിപ്പിക്കുന്ന തെരുവ് കച്ചവടം പൂർണമായും നിറുത്തലാക്കുമെന്ന് മേയർ പറഞ്ഞു. ഓപ്പറേഷൻ ഈസി വാക്കിന്റെ ഭാഗമായി പൊളിച്ചുനീക്കപ്പെട്ട തട്ടുകടകൾ ഇപ്പോൾ അതേ സ്ഥലത്ത് സ്ഥിര നിർമ്മാണം നടത്തിയിരിക്കുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ് പറഞ്ഞു. കൊല്ലം ബൈപ്പാസിലെ വർദ്ധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് എൻ. മോഹനനും എസ്. പ്രസന്നനും നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എസ്. പ്രിയദർശനും പറഞ്ഞു. നിർമ്മാണം പൂർത്തിയായിട്ടും പോളയത്തോട് ശ്മശാനത്തിലെ കോൺക്രീറ്റ് ക്രിമറ്റോറിയം തുറക്കാത്തത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് എസ്.ആർ. ബിന്ദുവും സൈജുവും ആവശ്യപ്പെട്ടെങ്കിലും ആരും മറുപടി പറഞ്ഞില്ല. കെ. ബാബു, മീനാകുമാരി, രാജലക്ഷ്മി, അനിൽകുമാർ, സോണിഷ, ജനറ്റ് ഹണി, വിനീത വിൻസെന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീതാകുമാരി, എം.എ. സത്താർ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
തെരുവ് വിളക്കിനെച്ചൊല്ലി തർക്കം
ഇന്നലത്തെ കൗൺസിൽ യോഗത്തിലും തെരുവ് വിളക്കിനെച്ചൊല്ലി കൗൺസിലർമാർ തമ്മിൽ വാക്കുതർക്കമുണ്ടായി. തെരുവ് വിളക്ക് പരിപാലനത്തിന്റെ ചുമതലയുള്ള വികസന സ്ഥിരം സമിതി അദ്ധ്യക്ഷ പൂർണപരാജയമാണെന്ന ആർ.എസ്.പി കൗൺസിലർ പ്രശാന്തിന്റെ വിമർശനം സി.പി.ഐ അംഗങ്ങളെ ചൊടിപ്പിച്ചു. ഇരുപക്ഷവും തമ്മിലുണ്ടായ തർക്കം മേയർ ഇടപെട്ടാണ് തീർത്തത്. ഓണത്തിന് മുൻപ് നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും തെളിയിക്കുമെന്നും ആഗസ്റ്റ് 15 മുതൽ ഇ -സ്മാർട്ട് എൽ.ഇ.ഡികൾ സ്ഥാപിച്ച് തുടങ്ങുമെന്നും മേയർ വ്യക്തമാക്കി.