കൊല്ലം: ചന്ദ്രയാൻ രണ്ടിന്റെ വിജയകുതിപ്പിൽ പങ്കാളിയായതിന്റെ ത്രില്ലിലാണ് കൊട്ടാരക്കര സ്വദേശി എസ്. അനൂപ് (42). പേടകം 48 ദിവസത്തെ ശൂന്യാകാശ പ്രയാണത്തിന് ശേഷം സെപ്തംബർ 7ന് പുലർച്ചെ ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ചന്ദ്രയാൻ സ്പേസ് ക്രാഫ്റ്റിന്റെ ലോഞ്ച് വെഹിക്കിളായ പി.എസ്.എൽ.വി മാർക്ക്-3യുടെ ഗ്രൗണ്ട് സിസ്റ്റം ടീമിലെ സയന്റിസ്റ്റായ അനൂപ്. കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരി ജംഗ്ഷനിൽ വസന്തമന്ദിരത്തിൽ റിട്ട.അദ്ധ്യാപകനായ സദാശിവൻ പിള്ളയുടെയും വസന്തകുമാരിയുടെയും മകനായ അനൂപ് ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്നു ബി.ടെകിൽ മികച്ച വിജയം നേടിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സിൽ എം.ടെകിന് ചേർന്നത്. ഒരു വർഷം തികയും മുമ്പേ (1999) ബംഗളൂരുവിൽ ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചു. രാജ്യത്തിന്റെ അഭിമാനമായ പല ശാസ്ത്ര നേട്ടങ്ങൾക്കുമൊപ്പം അനൂപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
അഞ്ച് മാസം മുമ്പാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രാരംഭ ജോലികൾ അനൂപ് അടങ്ങുന്ന സംഘം തുടങ്ങിയത്. പിന്നീട് പലപ്പോഴും വീട്ടിലേക്ക് പോകാൻ പോലും അവസരം ഒരുങ്ങിയിരുന്നില്ല. ഉറങ്ങാൻ കിടന്നാലും മനസ്സിൽ ആ വലിയ ദൗത്യത്തിന്റെ ചിന്തകൾ മാത്രമാണുണ്ടാവുകയെന്ന് അനൂപ് ഓർക്കുന്നു. വലിയ ദൗത്യം വിജയിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ അനൂപ്. ഭാര്യ ലക്ഷ്മിപ്രിയയും മക്കൾ ദിയയും രോഹിതയും ഈ സന്തോഷത്തിൽ പങ്കുചേരുകയാണ്. തിരുവനന്തപുരം പേരൂർക്കടയിലാണ് അനൂപും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ഇടയ്ക്ക് നെടുവത്തൂരിലെത്തിയാൽ തനി നാട്ടിൻപുറത്തുകാരനാണ്. ലുങ്കിയുമുടുത്ത് കൂട്ടുകാരോടൊപ്പം നാടിന്റെ മുക്കിലും മൂലയിലും എത്തും. കൂട്ടുകാരും നാട്ടുകാരുമൊക്കെ ഇപ്പോൾ അഭിമാനിക്കുകയാണ്.
ചുക്കാൻ പിടിച്ചതിലും
കൊട്ടാരക്കരക്കാരൻ
ചന്ദ്രയാൻ ദൗത്യത്തിന്റെ ഗ്രൗണ്ട് സിസ്റ്റത്തിന് ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ പ്രമുഖനായ എ.ഷൂജയും കൊട്ടാരക്കരക്കാരനാണ്. ഗണപതി ക്ഷേത്രത്തിന് വിളിപ്പാടകലെയാണ് ഷൂജയുടെ ജന്മഗൃഹം. ഇപ്പോൾ കുമാരപുരത്തേക്ക് താമസം മാറി. ഐ.എസ്.ആർ.ഒയിലെ ഡെപ്യൂട്ടി ഡയറക്ടറാണ് എ.ഷൂജ. കൊട്ടാരക്കര പള്ളിക്കൽ പ്ളാമൂട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ വൈ.തോമസിന്റെയും മറിയാമ്മയുടെയും മകൻ നെൽസൺ(54), പവിത്രേശ്വരം സ്വദേശിയായ ബിനി എന്നിവരും ടീമിലെ അംഗങ്ങളാണ്. 1986ൽ ഐ.എസ്.ആർ.ഒയിൽ അസി.സയന്റിസ്റ്റായി എത്തിയ നെൽസൺ ഇപ്പോൾ പ്രധാന ചുമതലയുള്ള സയന്റിസ്റ്റാണ്. ഭാര്യ : റൂബി നെൽസൺ. മക്കൾ: നിമിത.ആർ.നെൽസൺ, മറിയ.ആർ.നെൽസൺ.