photo

കൊട്ടാരക്കര: അക്രമികൾ ഗൃഹനാഥനായ കർഷകനെ തല്ലിച്ചതച്ചപ്പോൾ താളം തെറ്റിയ ജീവിതം തിരിച്ചുപിടിക്കാനാവാതെ ഒരു കുടുംബം. 2018 ഒക്ടോബർ 21നാണ് കോട്ടാത്തല പണയിൽ കാരായിക്കോട്ട് വീട്ടിൽ സുഭാഷിനെ (48) മൂന്നംഗ സംഘം ആക്രമിച്ചത് . അന്നുമുതൽ ജീവിത ദുരിതത്തിലാണ് സുഭാഷിന്റെ കുടുംബം. തലയ്ക്ക് സാരമായി ക്ഷതമേറ്റ സുഭാഷ് മരണമുഖത്ത് നിന്നും തിരിച്ചുവന്നെങ്കിലും സ്വബോധം ഇനിയും ലഭിച്ചിട്ടില്ല. ശസ്ത്രക്രിയയെ തുടർന്ന് തലയോട്ടിയുടെ ഒരു ഭാഗം അടർത്തിയെടുത്ത് വയറ്റിനുള്ളിൽ വച്ച് തുന്നി സൂക്ഷിച്ചിരിക്കുകയാണ്. തലയിലെ ക്ഷതം ഭേദപ്പെട്ടു തുടങ്ങിയതോടെ തിരികെ വയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് സമയമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. ബന്ധുക്കളുടെ സഹായത്താലാണ് ഇത്രനാളും പിടിച്ചുനിന്നതെന്ന് സുഭാഷിന്റെ ഭാര്യ ജയ പറയുന്നു. കടം കൂടിവരികയാണ്. ചികിത്സയും രണ്ട് മക്കളുടെ പഠിത്തവും മുന്നോട്ട് പോകും എന്ന ചോദ്യത്തിന് ഉത്തരമില്ല.

പാട്ട ഭൂമിയിൽ കൃഷിചെയ്താണ് സുഭാഷും കുടുംബവും ജീവിച്ചുവന്നത്. കൃഷിയിറക്കാനായി പത്ത് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. വീട് വച്ചതിന്റെ കടം നേരത്തേതന്നെയുണ്ട്. അതിനിടയിലാണ് എല്ലാ പ്രതീക്ഷയും തകിടം മറിച്ചുകൊണ്ട് ആക്രമണം നടന്നത്. പാൽവിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പണയിൽ യു.പി സ്കൂളിന് സമീപം വച്ച് അക്രമിസംഘം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രധാന പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ത്രിപുര സ്റ്റേറ്റ് റൈഫിൾസിൽ ഉദ്യോഗസ്ഥനായ പ്രധാനപ്രതി ജോലിയിൽ പ്രവേശിച്ചെന്ന വിവരം ലഭിച്ചിട്ടും കൊട്ടാരക്കര പൊലീസ് അറസ്റ്റിന് തയ്യാറാകുന്നില്ലെന്നാണ് സുഭാഷിന്റെ ബന്ധുക്കളുടെ പരാതി. സുഭാഷിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ശരീരത്തിന് ബലക്കുറവുമുണ്ട്. എത്ര ചികിത്സ നടത്തിയാലും പഴയ നിലയിലേക്ക് എത്തില്ലെന്ന് ബന്ധുക്കൾക്കും അറിയാം. സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം. ഇതിനായി കൊട്ടാരക്കര എസ്.ബി.ഐ ബ്രാഞ്ചിൽ എൻ.സുഭാഷിന്റെ പേരിൽ 20380045460 എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9061122301