കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച മുളവന പള്ളിമുക്ക് - പൊട്ടിമുക്ക് റോഡ് പൈപ്പിടൽ പ്രക്രിയ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കാത്ത വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ, പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ മുളവനയിൽ സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.
സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി സെക്രട്ടറി മുളവന രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുരാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം ജെ. റോയി, ഹർഷകുമാർ, ഷീന ജി. പിള്ള, കെ. രാഘവൻ, മുരുകേശൻപിള്ള തുടങ്ങിയവർ സംസാരിച്ചു.