കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ വീടില്ലാത്ത ഭൂരഹിത കുടുംബങ്ങൾക്കായി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. പദ്ധതിക്ക് വകുപ്പുതല അനുമതി ലഭിച്ചു.
കൈതക്കോട് പ്ളാമുക്ക് പറപ്പള്ളികോണത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കർ ഭൂമിയിലാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്. 14 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
അദ്യഘട്ടമായി ഈ സാമ്പത്തിക വർഷം 4.20 കോടി രൂപ അനുവദിച്ചു. നൂറ് കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിലാണ് നിർമ്മാണം. ഫ്ളാറ്റിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിനൽകും. താമസക്കാർക്കായി വിനോദ-വിജ്ഞാന പ്രവർത്തനങ്ങൾക്കും രൂപം നൽകുന്നുണ്ട്. ലൈബ്രറി, വായനാമുറി, യോഗങ്ങൾ ചേരുന്നതിനുള്ള സ്ഥലം, ഉദ്യാനം, കുടിവെള്ള പദ്ധതി, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ളാന്റ് , പ്രത്യേകം ട്രാൻസ്ഫോർമർ തുടങ്ങിയവയാണ് സജ്ജമാക്കുന്നത്. പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാട്ടാണ് ഇതിനെ കാണുന്നത്. ജില്ലയിൽ മൂന്ന് പഞ്ചായത്തുകൾക്കാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്.
നിർമ്മാണം: 1 ഏക്കർ ഭൂമിയിൽ
തുണയായി ലൈഫ് പദ്ധതി
വകയിരുത്തിയത്: 14 കോടി രൂപ
ഈ വർഷം അനുവദിച്ചത് : 4.20 കോടി രൂപ
വീടാകുന്നത്: 100 കുടുംബങ്ങൾക്ക്
ലൈബ്രറി, വായനാമുറി
യോഗങ്ങൾ ചേരുന്നതിനുള്ള സ്ഥലം
കുടിവെള്ള പദ്ധതി, മഴവെള്ള സംഭരണി
മാലിന്യ സംസ്കരണ പ്ളാന്റ് , ട്രാൻസ്ഫോർമർ
വീടുകളും പൂർത്തീകരണത്തിലേക്ക്
ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടം എന്ന നിലയിൽ വിവിധ ഏജൻസികൾ ധനസഹായം നൽകി നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാതെ കിടന്ന എട്ട് വീടുകൾ പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ വീടില്ലാത്ത 352 കുടുംബങ്ങളെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അതിൽത്തന്നെ എഗ്രിമെന്റ് വച്ച് പണി തുടങ്ങിയ 161 കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു. 60 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്.
8 വീടുകൾ പൂർത്തീകരിച്ചു
60 വീടുകൾ പുരോഗമിക്കുന്നു
വീടില്ലാത്തവർക്ക് ആശ്വാസമൊരുക്കി
പഞ്ചായത്തിൽ അന്തിയുറങ്ങാൻ വീടില്ലാത്ത ഏറെ കുടുംബങ്ങളുണ്ടായിരുന്നു. ഇവർക്ക് ആശ്വാസമാകാൻ ലൈഫ് പദ്ധതിക്ക് കഴിഞ്ഞു. വീടില്ലാത്തവർക്ക് വീട് നൽകി, പൂർത്തീകരിക്കാതെ കിടന്ന വീടുകൾക്ക് ധനസഹായം നൽകി. ഫ്ളാറ്റ് സമുച്ചയം വരുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതിലൂടെ നൂറ് കുടുംബങ്ങൾക്ക് വാസസ്ഥലമാകും.
(ധന്യാകൃഷ്ണൻ, പ്രസിഡന്റ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്)