കൊട്ടിയം: പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം സ്ക്കൂൾ വിദ്യാർത്ഥിനി മരിച്ചു.കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകൾ ആരുണി എസ്.കുറുപ്പാണ് (9)മരിച്ചത്. എഴുകോൺ ശ്രീ ശ്രീ അക്കാഡമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് അസുഖം ആരംഭിച്ചത്.തിങ്കളാഴ്ച പുലർച്ചെ രോഗം മൂർച്ഛിച്ചതോടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതീവ ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. മൃതദേഹം വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കുട്ടിയുടെ തൊണ്ടയിൽ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളു. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രം പ്രദേശത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വീടുകൾ തോറും നിരീക്ഷണം നടത്തി.സമീപത്തെ സ്ക്കൂളുകളായ എം.കെ.എൽ.എം.എച്ച്.എസ്.എസ്, എം.ജി.യു.പി.സ്ക്കൂൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടികളും നടത്തി.
ഒരു വർഷം മുൻപാണ് ആരുണിയുടെ അച്ഛൻ സൗദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞത്.