wood-scooter

പെട്രോളോ ഡീസലോ വേണ്ടാത്ത, ആക്സിലേറ്ററില്ലാത്ത സ്കൂട്ടർ! കേട്ടിട്ട് അത്ഭുതം കൂറണ്ട. അത്തരം സ്കൂട്ടറുകളുണ്ട് അങ്ങ് ഫിലിപ്പൈൻസിൽ. അവിടത്തെ ആദിവാസി വിഭാഗങ്ങളാണ് ഈ മരസ്കൂട്ടറിന്റെ പിന്നിലെ ശിൽപികൾ. കൃത്യമായി പറഞ്ഞാൽ ലുസോൺ ദ്വീപിലെ ആദിമ സമൂഹമാണ് ഈ സ്കൂട്ടറിന്റെ നിർമ്മാതാക്കൾ. എന്നാൽ, സ്ഥിരമായി യാത്രയ്ക്കല്ല, കുന്നിറങ്ങാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് മാത്രം. ഇത്തരം സ്കൂട്ടറുകൾ നിർമ്മിക്കുക എന്നത് മാത്രമല്ല, മരത്തടിയിൽ രൂപങ്ങളും മറ്റും കൊത്താനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് അവർക്കിത്.

മിക്കവാറും ഏതെങ്കിലും മൃഗങ്ങളുടെ തീമായിരിക്കും സ്കൂട്ടറിന്. കുതിരയുടെ തല, ഡ്രാഗൺ, സിംഹം എന്നിവയുടെയൊക്കെ രൂപത്തിലുള്ള സ്കൂട്ടറുകൾ കാണാം. ഇവ ഉപയോഗിച്ച് റോഡ് റേസുകളും ഇവർ സംഘടിപ്പിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. സ്കൂട്ടർ റേസ് കാണാൻ നൂറുകണക്കിനാളുകളാണ് പലപ്പോഴും കൂടിനിൽക്കുന്നുണ്ടാവുക. ഹെൽമെറ്റോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് ഇവർ കുന്നിന് താഴേക്ക് ഈ സ്കൂട്ടറുകളിലെത്തുന്നത്.

നന്നായി നിർമ്മിച്ചില്ലെങ്കിൽ സ്കൂട്ടർ തകരാനോ, അപകടമുണ്ടാകാനോ സാദ്ധ്യതയുണ്ടെന്ന് അവർ പറയുന്നു. ബ്രേക്കില്ലാത്തതിനാൽ സ്കൂട്ടർ നിയന്ത്രിക്കുന്നത് കാലുകൾ കൊണ്ടാണ്. അതിന് പ്രത്യേക പരിശീലനം അത്യാവശ്യം. പലപ്പോഴും എല്ലാവരും ഒരുമിച്ച് കുന്നിറങ്ങി വരുമ്പോൾ തങ്ങളുടെ ചുവപ്പ് നിറത്തിലുള്ള പരമ്പരാഗതമായ വസ്ത്രങ്ങളാണ് ഇവർ ധരിക്കുന്നത്. ദൈവമിരിക്കുന്നത് പ്രകൃതിയിലാണെന്നാണ് ഇവരുടെ വിശ്വാസം. മരത്തിലും മലയിലുമാണ് അവരുടെ ദൈവം. അതുകൊണ്ടുതന്നെ സ്കൂട്ടറിലെ രൂപങ്ങൾ കാണിക്കുന്നത് ദൈവങ്ങളോടുള്ള ആദരവാണ്.