first-aid
FIRST AID

കൊല്ലം: അപകടങ്ങളിൽപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനും പകർച്ചേതര രോഗ പരിശോധനയ്ക്കുമായി ചിന്നക്കടയിൽ 'ഫസ്റ്റ് എയ്ഡ് ആൻഡ് എമർജൻസി മെഡിക്കൽ സെന്റർ' ആരംഭിക്കുന്നു. ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ 'വഴികാട്ടി' പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ചിന്നക്കടയിൽ നിർമ്മാണം പുരോഗമിക്കുന്ന അമിനിറ്റി സെന്ററിലാണ് കേന്ദ്രം തുടങ്ങുക.

അപകടങ്ങളിൽപ്പെടുന്നവർക്ക് പുറമേ യാത്രയ്ക്കിടയിൽ രോഗം മൂർച്ഛിക്കുന്നവർക്കും അസ്വസ്ഥതകൾ ഉണ്ടാകുന്നവർക്കും ഇവിടെ പ്രാഥമിക ചികിത്സ ലഭിക്കും. ആരോഗ്യസ്ഥിതി മോശമാണെങ്കിൽ ആംബുലൻസ് അടക്കം വിളിച്ചുവരുത്തി കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. രക്തസമ്മർദ്ദം, പ്രമേഹം, ശരീരതൂക്കം നിർണയിക്കൽ എന്നിവയ്ക്ക് പുറമെ നെബുലൈസേഷൻ സൗകര്യവും ഇവിടെ ഉണ്ടാകും. യാത്രക്കാരല്ലാത്തവർക്കും ഇവിടെയെത്തി പരിശോധനകൾ നടത്താം. കൂടാതെ വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണവും പ്രതിരോധ മരുന്നുകളുടെ വിതരണവും ഇവിടം കേന്ദ്രീകരിച്ച് നടക്കും.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും കേന്ദ്രത്തിന്റെ പ്രവർത്തനം. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കാണ് കേന്ദ്രത്തിന്റെ മേൽനോട്ട ചുമതല. പ്രാഥമിക ചികിത്സയിലടക്കം പ്രത്യേക പരിശീലനം ലഭിച്ച ഒരു സ്റ്റാഫ് നഴ്സും ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും സ്ഥിരമായി ഉണ്ടാകും.

ചിന്നക്കടയിൽ സ്ഥലം ലഭിക്കാഞ്ഞതിനെ തുടർന്ന് ഒരുവർഷം മുമ്പ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഒരു ഫസ്റ്റ് എയ്ഡ് ആൻഡ് എമർജൻസി മെഡിക്കൽ സെന്റർ അരംഭിച്ചിരുന്നു. എസ്കലേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടം അടച്ചിട്ടിരിക്കുകയാണ്. ചിന്നക്കടയിൽ പ്രവർത്തനം തുടങ്ങുന്നതോടെ റെയിൽവേ സ്റ്റേഷനിലെ കേന്ദ്രം നിറുത്തലാക്കാനാണ് സാദ്ധ്യത.

'' അമിനിറ്റി സെന്ററിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഓണത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ ഫസ്റ്റ് എയ്ഡ് ആൻഡ് എമർജൻസി മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.''

വിജയാ ഫ്രാൻസിസ്

(ഡെപ്യൂട്ടി മേയർ)

 പ്രവർത്തനം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

 പ്രയോജനം ആർക്കൊക്കെ ?

അപകടങ്ങളിൽപ്പെടുന്നവർ

യാത്രയ്ക്കിടയിൽ രോഗം മൂർച്ഛിക്കുന്നവർ

യാത്രക്കാരല്ലാത്തവർ

 സൗകര്യങ്ങൾ

പ്രാഥമിക ചികിത്സ

രക്തസമ്മർദ്ദം, പ്രമേഹം എന്നീ പരിശോധനകൾ

നെബുലൈസേഷൻ

രോഗങ്ങളുടെ ബോധവത്കരണം

പ്രതിരോധ മരുന്നുകളുടെ വിതരണം