കൊല്ലം: മഴക്കാലമായതോടെ നഗരത്തിൽ പലയിടങ്ങളിലും വഴിയരികിലെ മരച്ചില്ലകൾ കാറ്റത്ത് ചാഞ്ഞ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കർബല ജംഗ്ഷനിൽ റെയിൽവേ ഓവർബ്രിഡ്‌ജിന്റെ അരികിലായി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ പാലത്തിലേക്ക് നീണ്ടുവളർന്നാണ് നിൽക്കുന്നത്. ശങ്കേഴ്‌സ് ആശുപത്രി ജംഗ്ഷൻ വഴി കോളേജുകൾ, സ്‌കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി പേരാണ് ഈ ഓവർബ്രിഡ്ജിനെ ആശ്രയിക്കുന്നത്. പാലത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ തട്ടി പരിക്കേറ്റവരുമുണ്ട്. കുട, ബാഗ് വസ്‌ത്രങ്ങൾ എന്നിവ ചില്ലകളിൽ ഉടക്കി ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്.
കർബല മുതൽ ചെമ്മാംമുക്ക് വരെയുള്ള റോഡിനരികിലും മരച്ചില്ലകൾ ചാഞ്ഞ് ഭീഷണിയാകുന്നുണ്ട്. വിദ്യാർത്ഥികൾ സ്ഥിരം യാത്ര ചെയ്യുന്ന റോഡാണിത്. നിരവധി ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ മഴയിൽ പലയിടങ്ങളിലും മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞുവീണിരുന്നു. മുൻവർഷങ്ങളിൽ നഗരസഭാ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മഴക്കാലത്തിന് മുമ്പ് മരങ്ങൾ വെട്ടി അപകടം ഒഴിവാക്കിയിരുന്നു. ക്യു.എ.സി റോഡിന് ഇരുവശങ്ങളിലും അപകടമായ തരത്തിൽ നിന്ന മരങ്ങളും ഉണങ്ങിയ ചില്ലകൾ ഉൾപ്പെടെ കഴിഞ്ഞ തവണ വെട്ടി വൃത്തിയാക്കിയിരുന്നു. ഇത്തവണ അധികൃതരുടെ ഭാഗത്ത് നിന്നും അത്തരം നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.