കൊല്ലം: കൂട്ടിക്കട ജംഗ്ഷന്റെ ഹൃദയഭാഗത്തെ റെയിൽവേ ഗേറ്റ് സൃഷ്ടിക്കുന്ന ഗതാഗതസ്തംഭനം മറികടക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നാളെ സ്ഥല പരിശോധന നടത്തും. കഴിഞ്ഞ ദിവസം കേരളകൗമുദി ചൂണ്ടിക്കാട്ടിയത് പോലെ ലെവൽക്രോസ് മയ്യനാട് റോഡ് ജംഗ്ഷനിലെത്തി വളയുന്നിടത്തേക്ക് മാറ്റി സ്ഥാപിച്ച് തട്ടാമലയിൽ നിന്നുള്ള റോഡ് ഇവിടേക്ക് നീട്ടുന്നതിന്റെ സാദ്ധ്യതയാണ് പ്രധാനമായും പരിശോധിക്കുന്നത്.
മേൽപ്പാലത്തിന് സാധ്യതയില്ല
മയ്യനാടും ഇരവിപുരത്തും റെയിൽവേ മേല്പാലം വരുന്നതിനാൽ കൂട്ടിക്കടയിൽ സമീപകാലത്തെങ്ങും അനുമതി ലഭിക്കാൻ സാദ്ധ്യതയില്ല. അഥവാ മേല്പാലം അനുവദിച്ചാലും വൻതോതിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതിന് പുറമേ നിർമ്മാണത്തിന് കോടികൾ വേണ്ടി വരും. എന്നാൽ ലെവൽക്രോസ് മാറ്റി സ്ഥാപിക്കാൻ കാര്യമായ പണച്ചെലവ് ഇല്ലെന്ന് മാത്രമല്ല കൂടുതൽ ഭൂമിയും ഏറ്റെടുക്കേണ്ടി വരില്ല. തട്ടാമലയിൽ നിന്നുള്ള റോഡ് നൂറ് മീറ്റർ മാത്രം നീട്ടിയാൽ മയ്യനാട് റോഡിന്റെ നേരെ എതിർദിശയിലാകും. ഇതിന് ആവശ്യമായ റവന്യൂ പുറമ്പോക്ക് ഭൂമി റെയിൽപാളത്തോട് ചേർന്ന് ഈ ഭാഗത്തുണ്ട്.
റെയിൽവേക്ക് സമ്മതം
ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുമെങ്കിൽ ലെവൽക്രോസ് മാറ്റി സ്ഥാപിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് റെയിൽവേ അധികൃതരും. പൊതുമരാമത്ത് വകുപ്പ് വിശദമായ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചാൽ കാലതാമസമില്ലാതെ തന്നെ റെയിൽവേ അനുമതി നൽകും.
ലെവൽക്രോസ് മാറ്റി സ്ഥാപിച്ചാലും ഗതാഗത സ്തംഭനത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൂട്ടിക്കടിയിലെയും പരിസരപ്രദേശങ്ങളിലെയും റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സന്നദ്ധ സംഘടനകളും അധികൃതർക്ക് ഉടൻ നിവേദനം നൽകും.
'' തട്ടാമലയിൽ നിന്നുള്ള റോഡ് നീട്ടി ലെവൽക്രോസ് മാറ്റി സ്ഥാപിച്ചാൽ കൂട്ടിക്കടയിലെ ഗതാഗത സ്തംഭനത്തിന് ഒരുപരിധി വരെയെങ്കിലും പരിഹാരമാകും. എത്രയും വേഗം ഇത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം. '' എസ്. മധു പ്രസിഡന്റ്, ശാരദാവിലാസിനി വായനാശാല