കൊല്ലം: വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വ്യവസ്ഥകൾ കർശനമാക്കിയതോടെ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
എസ്.സി - എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കും മെരിറ്റിൽ പ്രവേശനം നേടുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ്
കുമാരപിള്ള കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നത്.
മുൻപ് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്നവർക്ക് കോളേജുകളിൽ നിന്ന് സമർപ്പിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം മുതൽ ഈ ഗ്രാന്റ് വിതരണത്തിന് പ്രത്യേക സോഫ്ട്‌വെയർ വന്നതോടെയാണ് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്നവർ പുറത്തായത്. ഇ - ഗ്രാന്റ്സിനായി അപേക്ഷിക്കുമ്പോൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്കൊപ്പം അലോട്ട്മെന്റ് മെമ്മോയും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. പക്ഷേ, കമ്മ്യൂണിറ്റി ക്വാട്ടയിലെ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്ക് അലോട്ട്മെന്റ് മെമ്മോ കിട്ടാറില്ല.
ഈ ന്യൂനത പരിഹരിക്കണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പല തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ജില്ലാ പട്ടികജാതി വികസന ഓഫീസുകളാണ് സ്കോളർഷിപ്പുകളുടെ അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത്.
.................................
വിദ്യാർത്ഥികൾ വലയുന്നു
പട്ടികജാതി- വർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് കഴിഞ്ഞ രണ്ട് വർഷം ഇ ഗ്രാന്റ് വിതരണം മുടങ്ങിയിരുന്നു.
കോളേജുകളിലേക്ക് ഇ ഗ്രാന്റ് തുക ലഭിക്കാത്തതിനാൽ സ്കോളർഷിപ്പിന് അർഹതയുള്ള കുട്ടികളിൽ പലർക്കും കോഴ്സ് കഴിഞ്ഞിട്ടും കോളേജ് അധികൃതർ ടി.സിയും സർട്ടിഫിക്കറ്റുകളും തിരികെ നൽകിയില്ല.
പുതിയ കോഴ്സുകൾക്ക് ചേരാൻ ടി.സിയും സർട്ടിഫിക്കറ്റും ലഭിക്കാൻ കുട്ടികളിൽ പലരും സെമസ്റ്റർ ഫീസുകൾ കോളേജിൽ അടയ്ക്കേണ്ടി വന്നു. സർവകലാശാലകളിൽ ഫീസ് അടച്ച് യഥാർത്ഥ സർട്ടിഫിക്കറ്റുകൾ വാങ്ങിയവരുമുണ്ട്. പരാതികളെ തുടർന്നാണ് പിന്നീട് സർക്കാർ തുക അനുവദിച്ചത്. യഥാസമയം തുക ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ
ഫീസ് അടച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങുകയും പിന്നീട് തുക സർക്കാർ നൽകുകയും ചെയ്‌ത സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതരുടെ നിലപാട്. പ്രതിവർഷം 70 കോടിയിലേറെ രൂപയാണ് ഇ ഗ്രാന്റിലൂടെ സ്കോളർഷിപ്പായി നൽകേണ്ടത്. കഴിഞ്ഞ രണ്ട് വർഷവും യഥാസമയം 16 കോടി രൂപ മാത്രമാണ് വിതരണം ചെയ്‌തത്.