പുനലൂർ: മൂന്ന് ജില്ലകളിലെ കാർഷിക പദ്ധതികൾക്കായി തെന്മലയിൽ ആരംഭിച്ച കല്ലട ജലസേചന പദ്ധതി പരിപാലനത്തിലെ പാളിച്ച കാരണം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് നിയമസഭാ വിഷയ നിർണ്ണയ സമിതി അദ്ധ്യക്ഷനായ മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.പദ്ധതി പ്രദേശമായ തെന്മല പരപ്പാർ അണക്കെട്ടും, ഒറ്റക്കൽ ലുക്കൗട്ട് തടയണയും മറ്റും അംഗങ്ങൾക്കൊപ്പം സന്ദർശിച്ച ശേഷം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറയിച്ചത്.
ഇടത്, വലത് കര കനാലുകളുടെ തകർച്ച മൂലം വെളളം ഫലപ്രദമായി എത്തിക്കാൻ കഴിയുന്നില്ല. പുനരുദ്ധാരണ ജോലികൾ യഥാസമയം പൂത്തിയാക്കാൻ കഴിയാത്തതാണ് മുഖ്യകാരണം. പുനരുദ്ധാരണത്തിന് 2013ൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പ്രൊപ്പോസൽ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. കാർഷിക ആവശ്യങ്ങൾക്ക് വെളളം ലഭിക്കാതെ വന്നപ്പോൾ കർഷകർ കൃഷി ഉപേക്ഷിച്ചുവെന്ന് മന്ത്രി പറഞ്ഞു.
സമിതി അംഗങ്ങളും എം.എൽ.എമാരുമായ പി.ടി.എ.റഹീം, കെ.ജെ. മാക്സിൻ, ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ, പുനലൂർ ആർ.ഡി.ഒ.ബി.രാധാകൃഷ്ണൻ, കെ.ഐ.പി ചീഫ് എൻജിനിയർ ടി.പി.സെൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ്, ഡെപ്യൂട്ടി കൃഷി ഡയറക്ടർ ശ്രീലതയമ്മ തുടങ്ങിയ ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദർശിച്ചു.
നിയമസഭാ സമിതിയുടെ
തീരുമാനവും നിർദേശവും
1.കല്ലട ഇറിഗേഷനും, കൃഷി വകുപ്പും സംയുക്തമായി മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളിൽ കൃഷികൾ വ്യാപകമാക്കുന്നതിനെ കുറിച്ച് ആലോചിക്കും. 2.പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാരുമായി ആലോചിച്ച് പദ്ധതിക്ക് രൂപം നൽകും.
3.ഓരോ ഗ്രാമത്തിലും 40ഹെക്ടർ ഭൂമിയിൽ കൃഷി ഇറക്കാൻ കമ്മിറ്റി രൂപികരിക്കണം.
4. മൂന്ന് ജില്ലകളിലും തെങ്ങ്, കശുമാവ്, പച്ചക്കറി, പൈനാപ്പിൾ, അടക്കമുളള കൃഷികൾ വ്യാപിപ്പിക്കണം.
5. തെന്മല പരപ്പാർ അണക്കെട്ട് പ്രദേശങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യും.
6.തെന്മല ഇക്കോ ടൂറിസം പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.ഐ.പി, വനം, ടൂറിസം വകപ്പുകൾ തമ്മിലുളള തർക്കം ചർച്ച ചെയ്തു പരിഹരിക്കും.