എഴുകോൺ: വാട്ടർ അതോറിറ്റിയുടെ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാൻ എടുത്ത കുഴിയിൽ പാറകയറ്റി വന്ന ടിപ്പർ ലോറി പുതഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 8ന് പാങ്ങോട്-ശിവഗിരി റോഡിലെ എഴുകോൺ മൂലക്കട ജംഗ്ഷനിലാണ് സംഭവം
ഒരു വശത്തേക്ക് ചരിഞ്ഞ ലോറിയിൽ നിന്ന് പാറ റോഡിലേക്ക് വീണു. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പൈപ്പ് നന്നാക്കാൻ എടുത്ത കുഴികൾ മൂടി സമീപത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരുന്നതാണ് അപകടകാരണം.
എഴുകോണിൽ ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകരുന്നത് പതിവായിരിക്കുകയാണ്. അമിതമായ അളവിൽ വെള്ളം തുറന്ന് വിടുന്നതാണ് പൈപ്പുപൊട്ടൽ തുടർക്കഥയാകാൻ കാരണം. ഇതുകാരണം തകരുന്ന റോഡുകളിൽ സമയത്ത് അറ്റുകുറ്റപ്പണികൾ നടത്താറില്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാത നിലവാരത്തിൽ നിർമ്മിച്ച പാങ്ങോട് ശിവഗിരി റോഡ് എഴുകോൺ പഞ്ചായത്തിന്റെ പ്രധാന കവാടത്തിന് മുന്നിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകർന്നിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ ടാർ ചെയ്തിട്ടില്ല. വാട്ടർ അതോറിറ്റി നവീകരണത്തിന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴികൾ അശാസ്ത്രീയമായി മൂടിയതിനെ തുടർന്ന് റോഡരികുകളിൽ മൺകൂനകളും രൂപപ്പെട്ടു. കാൽനടയാത്രികരാണ് ഇതുമൂലം ഏറെ വലയുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിറുത്താൻ സാധിക്കാത്തതും മറ്റൊരു പ്രശ്നമാണ്