കരുനാഗപ്പള്ളി:കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 2-ാം വാർഡിലെ തൊഴിൽസേനാ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സീമാചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സമരം. തൊഴിൽ സേനയുടെ നേതൃത്വത്തിൽ കരനെൽ കൃഷി ചെയ്ത സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് നിക്ഷേപിച്ചിരുന്നു. സംഭവം പൊലീസിൽ അറിയിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അലംഭാവം കാട്ടി എന്ന് ആരോപിച്ചായിരുന്നു ഉപരോധം. പൊലീസ് എത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് പൊലീസ് കൃഷി സ്ഥലം സന്ദർശിക്കുകയും അടുത്ത വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് സേനാ അംഗങ്ങൾ അറിയിച്ചു.