ratin

പിടിയിലായത്: 19 പേർ

പിഴ ഈടാക്കിയത്: 53121 രൂപ

4പേർക്ക് ഡിമാൻഡ് നോട്ടീസ്

ഇവർ അടക്കേണ്ടത്: 30540 രൂപ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിൽ അനർഹമായി മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങിയ 19 പേരിൽ നിന്ന് കമ്പോളവിലയായ 53121 രൂപ ഈടാക്കി. സ്വർണവ്യാപാരിയും വിദേശമലയാളി കുടുബവും ഉൾപ്പെടെ നാലുപേർക്ക് 30540 രൂപ സർക്കാറിലേക്ക് തിരികെ അടയ്ക്കാനുള്ള ഡിമാൻഡ് നോട്ടീസ് നൽകി.

23ൽ ഏഴുപേർ അതീവ ദരിദ്രവിഭാഗങ്ങൾക്കുള്ള എ.എ.വൈ റേഷൻകാർഡ് കൈവശം വച്ച് റേഷൻ വാങ്ങി വന്നവരും രണ്ടുകുടുംബങ്ങൾ കൊട്ടാരക്കര താലൂക്കിൽ റേഷൻ കിട്ടാതായപ്പോൾ ചിറയിൻകീഴ് താലൂക്കിലെ റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങി വന്നവരുമാണ്. കഴിഞ്ഞ മാർച്ച് മുതൽ ഇത്തരത്തിൽ റേഷൻ വാങ്ങിയ എ.എ.വൈ കാർഡുടമയിൽ നിന്ന് 15590 രൂപയാണ് ഈടാക്കുന്നത്. ഒരു രൂപ പോലും മുടക്കാതെ പ്രതിമാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമാണ് ഇവർ വാങ്ങിയിരുന്നത്.

മെച്ചപ്പെട്ട സാമ്പത്തിക നിലയുള്ള നിരവധി അനർഹർ ഇപ്പോഴും നിയമവിരുദ്ധമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ട്. ഇവർ ഈ മാസം 31നു മുമ്പ് കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം 2018 മാർച്ച് മുതൽ ഈ മാസം വരെയുള്ള 17 മാസത്തെ റേഷന്റെ കമ്പോള വില ഈടാക്കും. വരും ദിവസങ്ങളിലും നടപടി തുടരും.

എസ്.എ.സെയ്‌ഫ്‌ ,താലൂക്ക് സപ്ലൈ ഓഫീസർ